കൊല്ലം: മുറ്റം തൂക്കാൻ അമ്മ വാങ്ങിവച്ച ഈർക്കിൽ ചൂലുകളിപ്പോൾ സനിലിന്റെ വീട്ടിലെ കൗതുക വീടാണ്. ഈർക്കിലുകൾ പല അളവുകളിൽ ഒടിച്ചെടുത്ത് ഒട്ടിച്ചുചേർത്തും പറമ്പിൽ ഉപേക്ഷിച്ച പാഴ്‌വസ്‌തുക്കൾ വച്ചുപിടിപ്പിച്ചുമൊരുക്കിയ കളിവീടിന് പെയിന്റിംഗും കഴിഞ്ഞു. വലതുകൈകൊണ്ട് മാത്രമൊരുക്കിയ ആ സുന്ദരവീട് കാണാൻ അയൽക്കാരൊക്കെ വരുന്നുമുണ്ട്.
ശാസ്താംകോട്ട ഡി.ബി കോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർത്ഥിയായ കൊട്ടാരക്കര വെണ്ടാർ ഇടക്കടമ്പ് മിനി മന്ദിരത്തിൽ സനിൽ (20) ഇടത് കൈയില്ലാതെയാണ് ജനിച്ചത്. പഠിക്കാൻ മികവുകാട്ടിയെങ്കിലും ഇല്ലായ്‌മകളിൽ വിഷമിച്ചിരുന്ന കാലത്ത് കുത്തിക്കുറിച്ച വരികളിൽ കവിതകളുണ്ടായിരുന്നു. അതിലൊന്ന് കോളേജ് മാഗസിനിൽ അച്ചടിച്ചുവന്നത് ആവേശമായി. പിന്നെ എഴുതിക്കൂട്ടിയതിന് കണക്കില്ല. എഴുത്തുകൾക്ക് നവമാദ്ധ്യമങ്ങളിലൂടെ സ്വീകാര്യത കൈവന്നു. കവിതയും കഥയുമൊക്കെയായി സജീവമാകാൻ തുടങ്ങിയപ്പോഴാണ് കൊവിഡിന്റെ ആദ്യവരവ്. ലോക്ക് ഡൗണിൽ വെറുതെയിരുന്നപ്പോൾ ബോട്ടിൽ ആർട്ടിൽ മികവ് തെളിയിച്ചു. സമ്മാനമടിക്കാത്ത ലോട്ടറി ടിക്കറ്റുകൾ ചുരുട്ടി ക്രമത്തിൽ ഒട്ടിച്ചെടുത്ത് മനോഹരമായ ഒരു വീടിന്റെ രൂപമൊരുക്കിയപ്പോൾ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ നിരവധി പേപ്പർ ശിൽപങ്ങളും പൂക്കളും മറ്റ് അലങ്കാര വസ്തുക്കളുമൊക്കെയുണ്ടാക്കി.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ശിൽപം സമ്മാനിക്കാനുമായി. പുരോഗമന കലാസാഹിത്യ സംഘം, സർഗ സാഹിതി, സ്നേഹക്കൂട് സംഘടനകൾ സനിലിനെ ആദരിച്ചു. ഇപ്പോൾ സനിൽ ഇരുത്തംവന്ന കലാകാരനാണ്. ഏത് വിഷയം നൽകിയാലും കഥയും കവിതയുമെഴുതും, ഈർക്കിലുകളും മറ്റ് പാഴ്‌വസ്‌തുക്കളുമൊക്കെ ഉപയോഗിച്ച് മനോഹര ശിൽപങ്ങളുണ്ടാക്കും. എഴുതിക്കൂട്ടിയ കവിതകളിൽ മികച്ച മുപ്പതെണ്ണം ചേർത്ത് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വാഹനങ്ങളുടെ ടയറുകൾക്ക് പഞ്ചറൊട്ടിയ്ക്കുന്ന ജോലി ചെയ്യുന്ന പിതാവ് സന്തോഷിന്റെയും തയ്യൽ ജോലികൾ ചെയ്യുന്ന അമ്മ മിനിമോളുടെയും ഏക പ്രതീക്ഷയാണ് സനിൽ.