കൊല്ലം : അഴിക്കുന്തോറും കുരുക്കുമുറുകി ശരിക്കും ഊരാക്കുടുക്കായി മാറിയിരിക്കുകയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ചോരക്കുഞ്ഞിന്റെ മരണവും ബന്ധുക്കളായ യുവതികളുടെ ആത്മഹത്യയും. ഭൂമിയിലേക്ക് പിറന്ന് വീണതിന്റെ ചോരപ്പാടുകൾ മായുംമുമ്പേ ചവറുകൂനയിൽ ഉപേക്ഷിച്ച നവജാതശിശുവിന്റെ മരണത്തിൽ പ്രതിയെ കണ്ടെത്തുകയും കുറ്റസമ്മതം നടത്തുകയും ചെയ്തെങ്കിലും ഒന്നിൽതൊടുത്ത് അടുത്തത്തിലേക്ക് നീണ്ട അന്വേഷണം അനന്തമായി നീളുകയാണ്.
കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചെത്തിയാൽ സ്വീകരിക്കാമെന്ന് രേഷ്മയ്ക്ക് വാക്കുനൽകിയ ഫേസ്ബുക്ക് കാമുകനെ കണ്ടെത്താനുള്ള ശ്രമം പാരിപ്പള്ളി പൊലീസിന് രണ്ട് ദുർമരണകേസുകൾക്കിടയാക്കിയതിനൊപ്പം രണ്ട് കുടുംബങ്ങളുടെ ജീവിതവും തകർത്തു. കുഞ്ഞിനെ പ്രസവിച്ചതും ഉപേക്ഷിച്ചതും രേഷ്മയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മൊഴിയിലെ കാമുകനെ സംബന്ധിച്ചും ബന്ധുക്കളായ രണ്ട് യുവതികളുടെ ആത്മഹത്യയിലുമാണ് ദുരൂഹത തുടരുന്നത്. സംഭവപരമ്പരകൾക്ക് പിന്നാലെ ഉള്ളതും ഇല്ലാത്തതും ഊതിപ്പെരുപ്പിച്ചതുമായ കഥകൾ വേറെ. കേസിൽ നിർണായകമായ വിവരങ്ങൾ പൊലീസിന് കൈമാറാൻ കഴിയുമായിരുന്ന രേഷ്മയുടെ ബന്ധുവായ ആര്യയും ഗ്രീഷ്മയും മരണത്തിന്റെ വഴി തിരഞ്ഞെടുത്തതോടെ പൊലീസും നിസഹായരായി. ഫേസ് ബുക്കിൽ നിന്നോ സൈബർ വിദഗ്ദ്ധരിൽ നിന്നോ ലഭിക്കുന്ന ശാസ്ത്രീയ വിവരങ്ങളോ ആര്യയുടെയോ ഗ്രീഷ്മയുടെയോ വീട്ടുകാരിൽ നിന്നുള്ള സൂചനകളോ മാത്രമാണ് കേസിൽ ഇനി പൊലീസിന്റെ പിടിവള്ളി. രേഷ്മയെ പൊലീസിന് വീണ്ടും ചോദ്യം ചെയ്യാമെങ്കിലും പെരുങ്കള്ളിയായ അവളുടെ വാക്കുകളെ എത്രമാത്രം വിശ്വസിക്കാനാകുമെന്ന കാര്യത്തിൽ ആർക്കും തീർച്ചയില്ല.
ചോരക്കുഞ്ഞിന്റെ
മരണത്തിൽ തുടക്കം
2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടത്. രാത്രി മുഴുവൻ തണുപ്പേറ്റ് കഴിഞ്ഞ കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു.പാരിപ്പള്ളി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സമീപത്തെ നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ആദ്യഘട്ടങ്ങളിൽ ഒരു തുമ്പും ലഭിച്ചില്ല. മൊബൈൽ ഫോൺ ടവറിന് കീഴിലെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തി. രാത്രിയിൽ ഫോണിൽ സംസാരിച്ച പലരെയും പൊലീസ് ചോദ്യംചെയ്തു. പ്രദേശത്തെ മൂന്ന് കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ സിസി.ടിവി കാമറകളും അരിച്ചുപെറുക്കി. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷിച്ചു. എന്നാൽ ഫലം ഉണ്ടായില്ല. ഇതോടെയാണ് പൊലീസ് ഡി.എൻ.എ പരിശോധനയിലേക്ക് കടന്നത്.
ഡി.എൻ.എയിൽ
കുടുങ്ങി രേഷ്മ
കേസിൽ സംശയത്തിന്റെ നിഴലിലായിരുന്നവരുടെ ഡി.എൻ.എ. പരിശോധനയാണ് പൊലീസ് നടത്തിയത്. ഇപ്പോൾ അറസ്റ്റിലായ രേഷ്മയും ഇതിലുൾപ്പെട്ടിരുന്നു. എന്നാൽ, അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും രേഷ്മയാണ് പ്രതിയെന്ന സൂചന പോലും പൊലീസിന് ലഭിച്ചിരുന്നില്ല. ഡി.എൻ.എ പരിശോധനയിലും അന്വേഷണങ്ങളിലും ടെൻഷനൊന്നും കൂടാതെയാണ് രേഷ്മ സഹകരിച്ചത്. ഇവരുടെ പെരുമാറ്റവും കാര്യമായ സംശയത്തിനിട നൽകിയില്ല. എന്നാൽ, ഡി.എൻ.എ. പരിശോധനഫലം ലഭിച്ചതോടെ രേഷ്മയുടെ നുണകളെല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. കുഞ്ഞ് രേഷ്മ- വിഷ്ണു ദമ്പതിമാരുടേതാണെന്ന് തെളിഞ്ഞു. തുടർന്ന് രേഷ്മയെ കസ്റ്റഡിയിലെടുത്തതോടെ ഇവർ എല്ലാം പൊലീസിനോട് സമ്മതിച്ചു. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും വെളിപ്പെടുത്തി.
#വയർ അറിയാതിരിക്കാൻ
ഇൻഷേപ്പ്, രേഷ്മ പെരുങ്കള്ളി
പത്തുമാസക്കാലം ഗർഭം ഭർത്താവോ വീട്ടുകാരോ അറിയാതെ രേഷ്മ കൊണ്ടുനടന്നതാണ് നാട്ടുകാരെയും പൊലീസിനെയും ഞെട്ടിച്ചത്. കാമുകനൊപ്പം പോകാനായി ഗർഭിണിയാണെന്ന സത്യം ഭർത്താവിൽ നിന്ന് മറച്ചുവച്ച അവൾ വയറൊതുങ്ങിയിരിക്കാൻ ഇൻഷേപ്പ് ധരിച്ചായിരുന്നു പകൽ നടന്നിരുന്നത്. രാത്രി ഇത് അഴിച്ചുവയ്ക്കും. ഭർത്താവിനോട് വയർ കുറയ്ക്കാനാണ് ഇതെന്ന് പറഞ്ഞിരുന്നെങ്കിലും സത്യം തിരിച്ചറിയാൻ അയാൾക്ക് കഴിഞ്ഞിരുന്നില്ല. നവജാതശിശുവിനെ ഉപേക്ഷിച്ച ചവറുകൂനയിൽ സോപ്പ് കവറിൽ രക്തത്തുള്ളികൾ കാണപ്പെട്ടത് ചോദ്യം ചെയ്ത പൊലീസുകാരോട് തന്റെ ആർത്തവ രക്തമാണെന്ന് കള്ളം പറഞ്ഞ് സമർത്ഥമായി അവരെ വഴിതെറ്റിക്കാനും രേഷ്മയ്ക്ക് കഴിഞ്ഞു.
ജനുവരി അഞ്ചിന് കുഞ്ഞിനെ കണ്ടെത്തിയ ദിവസം എല്ലാവരോടും കാര്യങ്ങൾ വിശദീകരിക്കാനും വിവരങ്ങൾ അറിയിക്കാനും മുന്നിൽ നിന്നത് രേഷ്മയായിരുന്നു. പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും യാതൊരു ആരോഗ്യപ്രശ്നങ്ങളും പുറത്തു കാണിക്കാതെയായിരുന്നു രേഷ്മയുടെ പെരുമാറ്റം. തന്റെ കുഞ്ഞാണെന്ന വിവരം അറിയാതെ ഭർത്താവ് വിഷ്ണുവും ഈ സമയത്ത് യുവതിയോടൊപ്പമുണ്ടായിരുന്നു.
ഗർഭം ധരിച്ച് ഒമ്പതാം മാസമാണ് പ്രസവിച്ചതെന്നാണ് രേഷ്മ പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇത്രയുംകാലം വീട്ടുകാർ അറിയാതെ എങ്ങനെ ഗർഭം മറച്ചുവച്ചതെന്ന ചോദ്യം പൊലീസിനെ കുഴയ്ക്കുന്നുണ്ട്. വീടിന് പുറത്തെ ടോയ്ലറ്റിലായിരുന്നു പ്രസവം. കുഞ്ഞ് നിലത്തുവീഴുമ്പോൾ മരിക്കുമെന്ന് കരുതി എഴുന്നേറ്റു നിന്നാണ് പ്രസവിച്ചത്. നിലത്തുവീണ കുഞ്ഞ് കരഞ്ഞപ്പോൾ വയറ്റത്ത് അമക്കിപ്പിടിച്ച രേഷ്മ കുഞ്ഞിനെ ചവറുകൂനയിൽ കമിഴ്ത്തിയാണ് കിടത്തിയത്. മലർന്ന് കിടന്നാൽ കുഞ്ഞ് കൈകാലടിക്കുകയും കരിയല അനങ്ങുമ്പോൾ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുകയും ചെയ്യുമെന്ന് കരുതിയാണ് കമിഴ്ത്തി കിടത്തിയത്. വേദനസംഹാരി മരുന്നുകൾ അമിതമായി കഴിച്ചതിനാൽ രേഷ്മ വേദന അറിഞ്ഞിരുന്നില്ല.
അജ്ഞാതനായ
ഫേസ്ബുക്ക് കാമുകൻ...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് തന്റെ രണ്ടാമത്തെ കുഞ്ഞിനെ ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. എന്നാൽ ഇന്നേവരെ നേരിട്ടു കാണാത്ത ഈ കാമുകനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും യുവതിക്കറിയില്ല. ഇരുവരും ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സ് ആപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് യുവതി പറഞ്ഞിട്ടുള്ളത്.
ഏറേനേരം മൊബൈൽഫോണിലും സാമൂഹ്യമാദ്ധ്യമങ്ങളിലും സമയം ചെലവഴിക്കുന്നതിൽ രേഷ്മയെ ഭർത്താവ് വിഷ്ണു വിലക്കിയിരുന്നു. ഒരിക്കൽ രേഷ്മയുടെ ഫോൺ പിടിച്ചുവാങ്ങി തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ രഹസ്യമായി ഉപയോഗിച്ചിരുന്നത്. ഇതേ സിം കാർഡ് ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങിയിരുന്നു.
കാമുകന്റെ ക്ഷണപ്രകാരം രേഷ്മ വർക്കല ബീച്ചിലും പരവൂരിലും പോയിട്ടുണ്ട്. എന്നാൽ ഇവിടെ ഏറെനേരം കാത്തുനിന്നശേഷം കാമുകനെ കാണാനാകാതെ മടങ്ങിപ്പോവുകയായിരുന്നു. ഈ സംഭവങ്ങളെല്ലാമാണ് ഫേസ്ബുക്ക് കാമുകൻ വ്യാജനാണോ എന്ന സംശയത്തിലേക്ക് പൊലീസിനെ നയിക്കുന്നത്. ഒന്നുകിൽ ഇത് രേഷ്മയുടെ കള്ളക്കഥയാണ്. അല്ലെങ്കിൽ രേഷ്മയെ അടുത്തറിയുന്ന ആരോ വ്യാജ ഫേസ്ബുക്ക് ഐ.ഡികളിൽനിന്ന് ഇവരുമായി അടുപ്പം സ്ഥാപിച്ചെന്നുമാണ് പൊലീസിന്റെ സംശയം. എന്തായാലും ഈ അജ്ഞാത കാമുകനെ തിരിച്ചറിയുക എന്നതാണ് കേസിലെ അടുത്ത ഘട്ടം.
മൂന്നോ നാലോ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുള്ളത്. ഇതിൽ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്താൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. മരിച്ച ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്.
ആത്മഹത്യാക്കുറിപ്പിലും
രേഷ്മ വഞ്ചകി
'അറിഞ്ഞുകൊണ്ട് ആരെയും ചതിക്കണം എന്നുവിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അവരുടെ ജീവിതം നന്നാവണമെന്ന് മാത്രമേ വിചാരിച്ചിട്ടുള്ളൂ. എന്റെ മോനെ നല്ലപോലെ നോക്കണം. എനിക്ക് എന്റെ രഞ്ജിത്തണ്ണന്റെ കൂടെ ജീവിച്ച് കൊതിതീർന്നിട്ടില്ല. പക്ഷേ, ഒരു പിഞ്ചുകുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം.' ആര്യ എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിൽ രേഷ്മയെ വഞ്ചകിയെന്ന് വിശേഷിപ്പിച്ചതുൾപ്പെടെ ചില കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. രേഷ്മയുടെ തട്ടിപ്പുകൾ ഏറെക്കുറെ ആര്യ മനസിലാക്കിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഫോണുകൾ പരിശോധിക്കുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടായേക്കും.