കൊല്ലം: ഡീ അഡിക്ഷൻ സെന്ററുകളിലെത്തുന്നവരിൽ പകുതിയോളം പേരും ലഹരിയുടെ വലയിലകപ്പെടാൻ കാരണം വീടുകളിലെ അസ്വാരസ്യങ്ങളാണെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. മുതിർന്നവരുടെ ലഹരി ഉപയോഗം പുതുതലമുറയെ വ്യാപകമായി വഴിതെറ്റിക്കുന്നുണ്ട്. കുടുംബബന്ധങ്ങളിലെ വിള്ളലുകൾ കാരണം ലഹരിക്ക് അടിമപ്പെടുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുകയാണ്. ചടയമംഗലം ഹരീശ്രീ ഹോസ്പിറ്റൽ ആൻഡ് ഡീ അഡിക്ഷൻ സെന്ററിലെ ഡോ. വി. സജീവ് പങ്കുവച്ച അനുഭവങ്ങൾ.
1. അടുത്തിടെ മദ്ധ്യവയസ് പിന്നിട്ട ഒരു കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഡീ അഡിക്ഷൻ സെന്ററിലെത്തിച്ചു. ദിവസങ്ങളോളം കാണാതിരുന്ന അദ്ദേഹത്തെ സുഹൃത്തിന്റെ വീട്ടിൽ മദ്യപിച്ച് ബോധരഹിതനായ നിലയിലാണ് കണ്ടെത്തിയത്. മാന്യമായി ജോലി ചെയ്തിരുന്നയാളാണ്. മദ്യപാനം തുടങ്ങിയതോടെ ജോലിക്ക് പോവുന്നത് മുടങ്ങി. ഇതിനിടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 28, 26 വയസ് പ്രായമുള്ള രണ്ട് മക്കൾ ഇവർക്കുണ്ട്. ഇളമകൻ പഠിക്കുകയാണ്. മൂത്തമകന്റെ സഞ്ചാരവും അച്ഛന്റെ വഴിയിലൂടെത്തന്നെ. ജോലിക്കൊന്നും പോകുന്നില്ല. യഥാർത്ഥത്തിൽ മൂത്തമകൻ വഴി തെറ്റുന്നതിന്റെ ഉത്തരവാദി അച്ഛൻ തന്നെയാണ്.
2. ലഹരിയോടുള്ള അഭിനിവേശം കുറഞ്ഞതിനെ തുടർന്ന് ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് മടങ്ങിയ കൊല്ലം സ്വദേശിയായ യുവാവിനെ ബന്ധുക്കൾ അടുത്തിടെ വീണ്ടും ചികിത്സയ്ക്കെത്തിച്ചിരുന്നു. ബി.ബി.എ പാസായ യുവാവിന് വിദേശത്ത് സി.സി ടി.വി അറ്രകുറ്റപ്പണി നടത്തുന്ന ജോലിയായിരുന്നു. വിദേശത്തായിരിക്കുമ്പോൾ സ്ഥിരം മദ്യപാനമായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതോടെ ലഹരി ഉപയോഗം വർദ്ധിച്ചു. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കില്ല. കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും വളരെ കുറവ്. വീട്ടിലുള്ളപ്പോൾ സദാസമയവും മൊബൈലിൽ നോക്കിയിരിക്കും.
ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ഒരു ദിവസം പുറത്തുപോയി മടങ്ങിവന്നപ്പോൾ വീട്ടുകാരുമായി തർക്കമുണ്ടായി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ വീടിന്റെ ജനൽച്ചില്ലുകൾ അവൻ അടിച്ചുതകർത്തു. ഇതോടെയാണ് വീട്ടുകാർ വീണ്ടും കേന്ദ്രത്തിലെത്തിച്ചത്. രക്ഷാകർത്താക്കൾ കുട്ടിക്കാലം മുതലേ ശ്രദ്ധിക്കാത്തതാണ് യുവാവ് വഴിതെറ്റാൻ കാരണം. സമ്പന്ന കുടുംബമായിരുന്നു. പക്ഷേ പിതാവ് ഭൂരിഭാഗം സ്വത്തും വിറ്റുതുലച്ചു. ഇതിന്റെ ഭാഗമായുണ്ടായ അസ്വാരസ്യങ്ങൾക്കിടയിൽ രക്ഷാകർത്താക്കൾക്ക് മകനെ വേണ്ടത്ര ശ്രദ്ധിക്കാനായില്ല.
രക്ഷാകർത്താക്കൾ കുട്ടികളുടെ കാര്യങ്ങളിൽ നിരന്തരം ഇടപടണം. കൂട്ടുകാരെപ്പോലെയാകണം അവരോടുള്ള പെരുമാറ്റം. വീട്ടിലെ തുറന്ന സ്ഥലങ്ങളിൽ പഠനത്തിന് സൗകര്യമൊരുക്കണം. വിദ്യാർത്ഥികളിലും യുവാക്കളിലും കഞ്ചാവിന്റെ ഉപയോഗവും ശ്രദ്ധയിൽപ്പെടുന്നുണ്ട്. നിരന്തരം നിരീക്ഷിച്ച് ഇത്തരം പ്രവണതകളെ ആദ്യഘട്ടത്തിൽത്തന്നെ തിരുത്തണം.
ഡോ. വി. സജീവ് (ഹരിശ്രീ ഹോസ്പിറ്റൽ ആൻഡ് ഡീ അഡിക്ഷൻ സെന്റർ ചടയമംഗലം)