സംഭവം യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയുടെ വീട്ടിൽ
കൊല്ലം: വീട്ടുവളപ്പിലെ കിണറ്റിൽ നായയെ കൊന്നിട്ട നിലയിൽ കണ്ടെത്തി. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറിയും യൂത്ത് കോൺഗ്രസ് നേതാവുമായ കുണ്ടറ പെരുമ്പുഴ മാടൻവിള പുത്തൻവീട്ടിൽ എം.എസ്. വിശാലിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് നായയുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കിണറിനുള്ളിൽ ചത്ത നായയെ കണ്ടെത്തിയത്. കിണറിന് മുകളിൽ വലയുപയോഗിച്ച് പൂർണമായും മൂടിയിരുന്നെങ്കിലും അത് ഇളക്കിമാറ്റിയ ശേഷം നായയെ കിണറ്റിലേക്കിട്ടതായാണ് സംശയം. ഈച്ചകളുടെ സാന്നിദ്ധ്യവും ദുർഗന്ധവും ഉണ്ടായതിനെ തുടർന്ന് വീട്ടുകാർ കിണർ പരിശോധിച്ചപ്പോഴാണ് നായയെ കണ്ടത്.
തൊട്ടടുത്തുള്ള വീട്ടിൽ വളർത്തുന്ന നായയെ രാത്രിയിലാരോ കൊന്നതിന് ശേഷം കിണറ്റിൽ കൊണ്ടിട്ടതാകുമെന്നാണ് നിഗമനം. കുണ്ടറ പൊലീസ് കേസെടുത്തു.
യൂത്ത് മൂവ്മെന്റ് പ്രതിഷേധം
സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ അന്വേഷണം നടത്തണമെന്ന് കുണ്ടറ യൂണിയൻ യൂത്ത് മൂവ്മെന്റ് ഭരണസമിതി ആവശ്യപ്പെട്ടു. പ്രതിഷേധ യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ എസ്. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഷാജി മംഗലശേരിൽ അദ്ധ്യക്ഷത വഹിച്ചു.
'' പകർച്ചാവ്യാധി ഭീഷണി നിലനിൽക്കുന്ന ഇക്കാലത്ത് ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തവരെ പിടികൂടാൻ സമഗ്രമായ അന്വേഷണം നടത്തണം - പി.സി. വിഷ്ണുനാഥ് എം.എൽ.എ
'' നായയെ കൊന്ന് കിണറ്റിലിട്ട സംഭവം അപലപനീയമാണ്. സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തിയവരെ നിയമത്തിന് മുന്നിലെത്തിക്കണം''- ആർ. അരുൺരാജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്