phot
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും കച്ചേരി റോഡിൽ കയറാൻ ഫ്ലൈ ഓവർ പണിയാൻ ഉദ്ദേശിച്ച സ്ഥലം.

പുനലൂർ: കാൽ നട യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ പുനലൂരിൽ പുതിയ ഫ്ലൈ ഓവർ പണിയുമെന്ന വാഗ്ദാനം പാഴ്വാക്കാകുന്നതായി ആക്ഷേപം. പുനലൂർ -അഞ്ചൽ പാതയോരത്തെ കെ.ആർ.ടി.സി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കച്ചേരി റോഡിൽ കയറാവുന്ന തരത്തിൽ കൊല്ലം-തിരുമംഗലം ദേശീയ പാതയുടെ മുകൾ ഭാഗത്ത് കൂടി ഫ്ലൈ ഓവർ പണിയാനാണ് അധികൃതർ പദ്ധതിയിട്ടത്. എട്ട് മാസം മുമ്പ് മുൻ മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് പരിശോധനകൾ നടത്തിയിരുന്നു. പദ്ധതി തയ്യാറാക്കി നിർമ്മാണ ജോലികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല.

കാൽനട യാത്രക്കാർ ദുരിതത്തിൽ

പട്ടണത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തുന്ന യാത്രക്കാർ കാൽ നടയായി ദേശീയ പാത മുറിച്ച് കച്ചേരി റോഡിൽ എത്തുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനായിരുന്നു ഇവിടെ ഫ്ലൈ ഓവർ പണിയാൻ അധികൃതരെ പ്രേരിപ്പിച്ചത്. ഗവ.താലൂക്ക് ആശുപത്രി, നഗരസഭ കാര്യാലയം, വില്ലേജ് ഓഫീസ്, ഫോറസ്റ്റ് കോംപ്ലക്സ് ,മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളും കച്ചേരി റോഡിന് സമീപത്താണ്. നൂറ് കണക്കിന് ഇടപാടുകാരാണ് ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.വലിയ തിരക്കേറിയ ദേശീയ പാത മുറിച്ച് കച്ചേരി റോഡിലെത്താൻ വൃദ്ധരടക്കമുള്ള യാത്രക്കാർ ഏറെ നാളായി ബുദ്ധിമുട്ടനുഭവിച്ച് വരികയാണ്. ഇവിടെ ഫ്ലൈ ഓവർ യാഥാർദ്ധ്യമാകുമ്പോൾ ഇത് വഴിയെത്തുന്ന കാൽ നടയാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന ആശ്വാസത്തിലായിരുന്നു. എന്നാൽ മുൻ മന്ത്രിക്ക് പുറമെ നഗരസഭ ഭരണാധികാരികളും പൊതുമരാമത്ത്,ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരും രണ്ട് തവണ സ്ഥലം സന്ദർശിച്ച് സാദ്ധ്യത പഠനം നടത്തിയെങ്കിലും ഫ്ലൈ ഓവർ നിർമ്മാണം അനിശ്ചിതമായി നീണ്ട് പോകുകയാണ്.