പുനലൂർ: ഗവ.താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ ലഭ്യമാകാത്തതിലെ പിഴവ് ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. ഇതിനിടെ ഓഫീസ് പൂട്ടി പുറത്തിറങ്ങാൻ സൂപ്രണ്ട് ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയായി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം ഓൺ ലൈനിലും സ്പോട്ട് രജിസ്ട്രേഷനിലും ഓരേ പോലെ വാക്സിനേഷൻ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ കൗൺസിൽ അംഗങ്ങൾ ഉപരോധം സംഘടിപ്പിച്ചത്. പുനലൂർ സി.ഐ രാകേഷിന്റെ നേതൃത്വത്തിലുളള പൊലീസും സൂപ്രണ്ടും സമരക്കാരുടെ വിഷയം ന്യായമാണെന്നും ഇത് ജില്ലാ മെഡിക്കൽ ഓഫീസർ അടക്കം ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന ഉറപ്പിൻമേൽ 11മണിയോടെ ഉപരോധ സമരം അവസാനിപ്പിച്ചു.