കൊല്ലം : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിൽ ഹൈടെക് അടുക്കള സജ്ജമായി. നാളെ വൈകിട്ട് മൂന്നിന് മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ജംബോ സ്റ്റീം ബോയിലർ സംവിധാനത്തിൽ ഒരേ സമയം 50 കിലോഗ്രാം ശേഷിയുള്ള രണ്ട് റൈസ് കുക്കറുകളും രണ്ട് വെജിറ്റബിൾ കുക്കിംഗ് വെസൽസും മിൽക്ക് വെസൽസും ഉൾപ്പെടുന്ന സംവിധാനങ്ങളാണ് പ്രത്യേകത. പാത്രം കഴുകി വൃത്തിയാക്കാൻ പോസ്റ്റ് ക്ലീനിംഗ് വെസൽസ്, ഭക്ഷ്യധാന്യങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം സൗകര്യം, ഒരേ സമയം നൂറിലധികം വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഏരിയ എന്നിവയും ഉണ്ടാകും.
മുൻ എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപക്ക് പുറമെ സ്‌കൂൾ മാനേജ്‌മെന്റിന്റെ 25 ലക്ഷം രൂപയും ചേർത്താണ് സ്മാർട്ട് അടുക്കള ഒരുക്കിയത്. 2500 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായിട്ടാണ് കെട്ടിടം.
നഗരസഭ ചെയർമാനും സ്‌കൂൾ പി.ടി.എ പ്രസിഡന്റുമായ കോട്ടയിൽ രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. ശ്രീലത, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ആർ.മീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. അജയൻ, സ്‌കൂൾ മാനേജർ വി. രാജൻ പിള്ള, സ്‌കൂൾ ഭരണസമിതി പ്രസിഡന്റ് ജയപ്രകാശ് മേനോൻ, ഹെഡ്മാസ്റ്റർ കെ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.