c

കൊല്ലം : ആരോഗ്യ സംരക്ഷണത്തിനായി പൊലീസ് കൈക്കൊള്ളുന്ന നടപടികൾ പൊതുജനങ്ങൾക്ക് മേലുള്ള അതിക്രമമായി മാറാതിരിക്കാൻ ഉന്നത പൊലീസുദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
കൊവിഡ് നിയന്ത്രണമെന്ന പേരിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കമ്മിഷന് മൗനം പാലിക്കാനാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ആർമിയിൽ സുബേദാറായി വിരമിച്ച തഴവ സ്വദേശി വൈ. അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. തന്റെ കടയുടെ മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന കാറിന്റെ ഉടമയെ തിരക്കിയെത്തിയ കരുനാഗപ്പള്ളി എ.എസ്.ഐയും രണ്ടു പൊലീസുകാരും അസഭ്യം പറഞ്ഞെന്ന പരാതിയിലാണ് കമ്മിഷൻ ഉത്തരവ്. കമ്മിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ഒരു ഓൾട്ടോ കാറിൽ ലോക്ക് ഡൗൺ സമയത്ത് ഒരാൾ കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ചോദ്യം ചെയ്തത് കാരണമാണ് ഇത്തരമൊരു പരാതി ഉയർന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. വിമുക്തഭടനായ പരാതിക്കാരനോട് എതിർകക്ഷികളായ പൊലീസുകാർ മോശമായി പെരുമാറിയെന്നത് പൂർണമായും തെറ്റായ ആരോപണമാണെന്ന് കരുതാനാവില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.