തൊടിയൂർ: പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ പുതുക്കാട്ട് മുക്ക് റോഡിന്റെ ടാറിംഗ് ജോലികൾ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റോഡിന്റെ പണിക്കായി മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ 40 ലക്ഷംരൂപ അനുവദിച്ചിരുന്നു. ടാറിംഗിന് പുറമേ കുറച്ചു ഭാഗത്ത് ഓട നിർമ്മാണവും നടത്തേണ്ടതുണ്ട്. ഇതനുസരിച്ച് ഓടയും ഭാഗികമായി നിർമ്മിച്ചിട്ടുണ്ട്. ബാക്കി ഭാഗത്ത് ഓട നിർമ്മിക്കുന്നതിന് വേണ്ടി സമീപത്തെ വീട്ടുകാരുടെ സഞ്ചാരത്തിന് തടസമുണ്ടാക്കിക്കൊണ്ട് ചാലുകീറി അതിനുള്ളിൽ പലക അടിച്ചു നിറുത്തിയിട്ട് ആഴ്ചകളായി. എന്നാൽ ഓട നിർമ്മാണം ഇനിയും നടന്നിട്ടില്ല.
ടാറിംഗിന്റെ അദ്യ ഘട്ടമായി റോഡിൽ മെറ്റിലിട്ട് ഉറപ്പിച്ചിരുന്നു. വൈകാതെ തന്നെ മെറ്റിൽ ഇളകി റോഡിലാകമാനം നിരന്നു. ഇതുകൊണ്ട് ടൂ വീലർ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. എത്രയും വേഗം റോഡ് പണി പൂർത്തിയാക്കി നാട്ടുകാരുടെ യാത്രാദുരിതത്തിനറുതി വരുത്തണമെന്ന ആവശ്യം ശക്തമാണ്.