കൊട്ടാരക്കര : പുലമൺ ജംഗ്ഷനിൽ മേല്പാലം നിർമ്മിക്കാനുള്ള നീക്കം അശാസ്ത്രീയമെന്ന് ആക്ഷേപം. ഗതാഗത കുരുക്ക് അഴിക്കാൻ വേണ്ടത് ബൈപ്പാസ് ആണ് .കൊ ല്ലം-തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന പ്രധാന കവലയാണ് പുലമൺ ജംഗ്ഷൻ. കൊട്ടാരക്കരയുടെ പ്രധാന ഭാഗവും ഇവിടമാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടുന്ന പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് മേല്പാലം നിർമ്മിക്കുന്നത് ഉചിതമല്ലെന്നാണ് വിലയിരുത്തൽ. കൊല്ലം, പുനലൂർ, തിരുവനന്തപുരം, അടൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങളാണ് പുലമൺ കവലയിൽ സംഗമിക്കുന്നത്. കൊട്ടാരക്കര പട്ടണത്തിന്റെ പ്രധാനഭാഗവുമാണ് പുലമൺ ജംഗ്ഷൻ. ഇവിടെ മേല്പാലം നിർമ്മിക്കുന്നതോടെ പട്ടണത്തിന്റെ വർഷങ്ങളായി തുടർന്നുവരുന്ന രീതികൾ മുഴുവൻ മാറും. ചെറിയ ഷെഡിൽ ഒതുങ്ങിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും കവലയിലെ രണ്ടുനില മേടക്കടയുമടങ്ങുന്ന പഴയ പുലമൺ കവല ഇന്ന് ഏറെ മാറിയിട്ടുണ്ട്. എന്നാൽ അതിനും മുകളിൽക്കൂടി ഒരു പാലം പണിയുന്നതോടെ ഇതുവരെയുള്ള പട്ടണത്തിന്റെ ശോഭ മങ്ങുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക.
സ്റ്റീൽ പാലം
വെട്ടിക്കവലയിൽ ഒരു ചടങ്ങിനെത്തിയ മന്ത്രി ജി.സുധാകരനോട് മുൻ മന്ത്രി ആർ.ബാലകൃഷ്ണ പിള്ളയാണ് പുലമണിൽ ഫ്ളൈഓവർ നിർമ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. കെ.ബി.ഗണേശ് കുമാറിനെ അതിന്റെ സാദ്ധ്യത വിലയിരുത്താൻ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.
പുലമണിൽ സ്റ്റീൽ പാലം നിർമ്മിക്കാമെന്ന തരത്തിൽ ഗണേശ് കുമാർ റിപ്പോർട്ട് തയ്യാറാക്കി നൽകിയെങ്കിലും സ്ഥലം എം.എൽ.എ ആയിരുന്ന പി.ഐഷാപോറ്റി ഇതിനെ എതിർത്തു.
ചുവപ്പുനാടയിൽ കുടുങ്ങി
കോൺക്രീറ്റ് ഫ്ളൈഓവർ നിർമ്മിക്കാമെന്ന തരത്തിൽ ഐഷാപോറ്റി ഇടപെട്ടു.
59. 75 കോടി രൂപയുടെ ഫ്ളൈഓവർ നിർമ്മാണത്തിന് സർക്കാർ ഭരണാനുമതിയും നൽകി. 750 മീറ്റർ നീളവും 10.5 മീറ്റർ വീതിയുമുള്ളഫ്ളൈഓവറാണ് പുലമൺ കവലയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടത്. ഒരുകിലോമീറ്റർ ദൂരത്തിൽ അപ്രോച്ച് റോഡുകൾ വിഭാവനം ചെയ്തു. തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിൽ 2.5 മീറ്റർ വീതിയിലും അടൂർ ഭാഗത്തേക്ക് 1.5 മീറ്റർ വീതിയിലും ഫുട്പാത്തുകളും ക്രമീകരിച്ചു. 30 മീറ്റർ അകലത്തിൽ 25 തൂണുകൾ ഉൾക്കൊള്ളുന്ന ഫ്ളൈഓവറാണ് പ്ളാൻ ചെയ്തത്. എന്നാൽ അതെല്ലാം ചുവപ്പുനാടയിൽ കുടുങ്ങി.
വേണ്ടത് ബൈപ്പാസ്
തിരുവനന്തപുരം റൂട്ടിൽ അപ്പർ കരിക്കത്തുനിന്നും പടിഞ്ഞാറെ തെരുവ് സെന്റ് മേരീസ് സ്കൂളിന് മുന്നിൽ ദേശീയ പാതയിൽ എത്തുന്ന തരത്തിൽ ബൈപ്പാസ് നിർമ്മിക്കണമെന്നാണ് പുതിയ ആവശ്യം. ഇവിടെ നിന്ന് എം.സി റോഡിൽ മൈലത്ത് എത്തുന്ന വിധം റോഡ് നിർമ്മിക്കാം. റിംഗ് റോഡെന്ന നിലയിൽ നിലവിൽ നെടുവത്തൂരിൽ നിന്നും നിർമ്മിച്ച റോഡും ഇതിനായി കൂട്ടിയോജിപ്പിക്കാം. പുലമൺ ജംഗ്ഷനിൽ മേല്പാലത്തേക്കാൾ അനുയോജ്യമായത് ബൈപ്പാസ് റോഡാണെന്നാണ് കൊട്ടാരക്കര വികസന ഫോറവും വിലയിരുത്തിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് മന്ത്രി കെ.എൻ.ബാലഗോപാലിന് സമർപ്പിച്ചതായി വികസന ഫോറം ജനറൽ കൺവീനർ അനിൽ അമ്പലക്കരയും ഡോ.ജോൺ പണിക്കരും അറിയിച്ചു.