nanga
ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിക്കുഴിച്ച റോഡ്

 വെട്ടിക്കുഴിച്ച റോഡുകളുടെ റീ ടാറിംഗ് നീളുന്നു

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ നഗരപരിധിയിൽ വെട്ടിക്കുഴിച്ച റോഡുകളുടെ റീ ടാറിംഗ് നീളുന്നു. റീ ടാറിംഗിന് മുന്നോടിയായി മാസങ്ങൾക്ക് മുമ്പ് കുറച്ചുഭാഗത്ത് മെറ്റലുകൾ നികത്തി കുഴികൾ അടച്ചിരുന്നു. എന്നാൽ ശേഷിക്കുന്ന പ്രവൃത്തികൾ അനന്തമായി നീളുകയാണ്.

പുന്തലത്താഴം മുതൽ ചെമ്മാൻമുക്ക് വരെയും ചെമ്മാൻമുക്കിൽ നിന്ന് ഫാത്തിമ കോളേജിന് മുന്നിലൂടെ റെയിൽവേ സ്റ്റേഷൻ വരെയും റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നുള്ള ക്യു.എ.സി റോഡും വെട്ടിക്കുഴിച്ചിട്ട് മാസങ്ങളായി. ഭൂരിഭാഗം സ്ഥലത്തും റോഡിന് നടുവിലൂടെയാണ് പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടങ്ങളിലെല്ലാം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണ്.

പുന്തലത്താഴം മുതൽ ചെമ്മാൻമുക്ക് വരെയുള്ള ഭാഗത്തെ റീ ടാറിംഗിനുള്ള നടപടികൾ മാത്രമാണ് ഇതുവരെ ആരംഭിച്ചത്. ബാക്കി സ്ഥലത്തെക്കുറിച്ച് അധികൃതർ ചിന്തിച്ചിട്ട് പോലുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ദുരിതങ്ങളേറെ..

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിക്കുഴിച്ച റോഡുകളിൽ ഇരുചക്ര വഹനങ്ങളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രികാലങ്ങളിലും മഴവെള്ളം കെട്ടിനിൽക്കുമ്പോഴും കുഴികൾ തിരിച്ചറിയാൻ കഴിയാത്തതാണ് വിനയാകുന്നത്. റോഡ് തകർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾ വളരെ സാവധാനത്തിലാണ് കടന്നുപോകുന്നത്. ഇതുമൂലം ഗതാഗതക്കുരുക്ക് രൂപപ്പെടാനും ഇടയാകുന്നുണ്ട്.