photo
സനിൽ ഒറ്റക്കൈകൊണ്ട് നിർമ്മിച്ച ഈർക്കിൽവീട്

കൊല്ലം: കുറവുകളെ പഴിക്കുന്നവർക്ക് മുന്നിൽ തളരാത്ത ആത്മവിശ്വാസം വലംകൈയിലേക്ക് ആവാഹിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് സനിൽ. ജന്മനാൽ ഇടതുകൈയില്ലെങ്കിലും കൊട്ടാരക്കര വെണ്ടാർ ഇടക്കടമ്പ് മിനി മന്ദിരത്തിൽ സനിലിന് (20) സ്വപ്നങ്ങൾ പിടിച്ചടക്കാൻ കരുത്തേറിയ വലതുകൈ തന്നെ ധാരാളം.

ഈർക്കിലുകൾ ഉപയോഗിച്ച് സനിൽ അടുത്തിടെ നിർമ്മിച്ച കളിവീട് അയൽക്കാരും ബന്ധുക്കളും കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. അഞ്ച് ചൂലിന്റെ ഈർക്കിലുകൾ പല അളവുകളിൽ ഒടിച്ചെടുത്ത് ഒട്ടിച്ചുചേർത്താണ് വീടൊരുക്കിയത്. അലങ്കാര വസ്തുക്കൾ പിടിപ്പിച്ച് ചായം പൂശിയതോടെ സനിലിന്റെ ഈർക്കിൽ കൊട്ടാരം റെഡി.

പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിൽ

ശാസ്താംകോട്ട ഡി.ബി കോളേജിലെ മൂന്നാംവർഷ ബി.കോം വിദ്യാർത്ഥിയാണ് സനിൽ. ഇല്ലായ്മകളിൽ വിഷമിച്ചിരുന്ന കാലത്ത് കുത്തിക്കുറിച്ച കവിതകളിൽ ഒരെണ്ണം കോളേജ് മാഗസിനിൽ അച്ചടിച്ചുവന്നതോടെ ആവേശമായി. എഴുത്തുകാർക്ക് നവമാദ്ധ്യമങ്ങളിലൂടെ സ്വീകാര്യത ലഭിച്ചതോടെ സനിൽ സജീവമായി എഴുത്ത് തുടങ്ങി. ലോക്ക് ഡൗൺ കാലത്ത് ബോട്ടിൽ ആർട്ടിലും മികവ് തെളിയിച്ചു.

ഇതിനിടെ ലോട്ടറി ടിക്കറ്റുകൾ ചുരുട്ടി ക്രമത്തിൽ ഒട്ടിച്ചെടുത്ത് മനോഹരമായ വീടിന്റെ രൂപമൊരുക്കിയപ്പോൾ അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. പിന്നെ നിരവധി പേപ്പർ ശില്പങ്ങളും പൂക്കളും അലങ്കാര വസ്തുക്കളുമൊക്കെയുണ്ടാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരത്തിൽ നിർമ്മിച്ച ശില്പം നേരിട്ട് സമ്മാനിക്കാനായതിന്റെ സന്തോഷത്തിലാണ് സനിൽ.

എഴുതിക്കൂട്ടിയ കവിതകളിൽ മികച്ച മുപ്പതെണ്ണം ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ മിടുക്കൻ. ടയറുകൾക്ക് പഞ്ചറൊട്ടിക്കുന്ന ജോലി ചെയ്യുന്ന പിതാവ് സന്തോഷും തയ്യൽ ജോലികൾ ചെയ്യുന്ന അമ്മ മിനിമോളും എല്ലാ പിന്തുണയും നൽകുന്നുണ്ട്.