സർട്ടിഫിക്കറ്ര് വിൽക്കുന്നത് 250 മുതൽ 500 രൂപ വരെ വാങ്ങി
കൊല്ലം: വാക്സിനേഷനിൽ മുൻഗണന ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുമായെത്തിയവരെ പൊലീസുകാർ കൈയോടെ പിടികൂടി. എ.ആർ ക്യാമ്പിലെ വാക്സിനേഷൻ സെന്ററിൽ വ്യാജ സർട്ടിഫിക്കറ്റുകളുമായെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള പത്തോളം പേരാണ് പൊലീസിന്റെ പിടിയിലായത്.
പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലാത്ത യുവാക്കൾ മെഡിക്കൽ സർട്ടിഫിക്കറ്റുമായി വാക്സിനേഷന് ക്യൂവിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാണ് എ.ആർ ക്യാമ്പിലെ പൊലീസുകാർ പരിശോധന നടത്തിയത്. ക്യൂവിൽ ഒന്നിന് പിറകേ ഒന്നായി നിൽക്കുന്നവരുടെ കൈകളിൽ ഒരേ ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റായിരുന്നു. ചോദ്യം ചെയ്തപ്പോൾ സർട്ടിഫിക്കറ്റിൽ എഴുതിയിരിക്കുന്ന രോഗങ്ങളല്ല ഇവർ പറഞ്ഞത്. കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയും കിട്ടിയില്ല. യഥാർത്ഥ സർട്ടിഫിക്കറ്റിന് പകരം ഫോട്ടോസ്റ്റാറ്റുകളായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ പേരിലുള്ളതായിരുന്നു സർട്ടിഫിക്കറ്റുകൾ.
മുൻപും സമാനമായ തട്ടിപ്പ്
നേരത്തേ ലാൽ ബഹദൂർ സ്റ്റേഡിയത്തിലും സമാനമായ തരത്തിൽ ജില്ലാ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുടെ പേരിലുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്രുകൾ പിടികൂടിയിരുന്നു. ഡോക്ടറുടെ കൈയിൽ നിന്ന് ഒരു തവണ സർട്ടിഫിക്കറ്റ് വാങ്ങിയശേഷം പേരും വിലാസവും തിരുത്തിയാണ് മറ്റുള്ളവർക്ക് നൽകുന്നത്. വാട്സ്ആപ്പ് കേന്ദ്രീകരിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് കച്ചവടം പൊടിപൊടിക്കുന്നത്. ഒരു സർട്ടിഫിക്കറ്റിന് 250 രൂപ വാങ്ങിയതായി ഇന്നലെ പിടിക്കപ്പെട്ടവർ പറഞ്ഞു. ചിലരിൽ നിന്ന് 500 രൂപയും വാങ്ങിയിട്ടുണ്ട്. 18നും 45നും ഇടയിൽ പ്രായമുള്ളവരിൽ ഗുരുതര രോഗമുള്ളവർക്ക് സർക്കാർ വാക്സിനേഷനിൽ മുൻഗണന അനുവദിച്ചിട്ടുണ്ട്. ഗുരുതര രോഗമുണ്ടെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാക്സിൻ രജിസ്ട്രേഷനുള്ള ആപ്പിൽ അപ്ലോഡ് ചെയ്താൽ വളരെ വേഗം സ്ലോട്ട് ലഭിക്കും. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയാണ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കച്ചവടം കൊഴുക്കുന്നത്.