ശാസ്താംകോട്ട: നിർമ്മാണം പൂർത്തിയായ ശാസ്താംകോട്ട സബ് ട്രഷറിയുടെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധം ശക്തം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നിശ്ചയിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം മാറ്റി വച്ചു. തിരഞ്ഞെടുപ്പിന് ശേഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും പുതിയ സബ് ട്രഷറി ഉദ്ഘാടനം ചെയ്യാത്തതിൽ സർവീസ് സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വന്നു.
വർഷങ്ങളായി വാടക കെട്ടിടത്തിൽ
ശാസ്താംകോട്ട സബ് ട്രഷറി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം ജീർണ്ണിച്ചതോടെ പെൻഷൻ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ശാസ്താംകോട്ട പഞ്ചായത്തിൻ്റെ സാംസ്കാരിക നിലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിയത്. 8 വർഷത്തോളമായി ശാസ്താംകോട്ട പഞ്ചായത്തിന് സമീപമുള്ള പഞ്ചായത്തിൻ്റെ കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിക്കുന്നത്. പഴയ സബ്ട്രഷറി നിന്ന സ്ഥലത്തു തന്നെയാണ് പുതിയ ട്രഷറി നിർമ്മിച്ചത്.
മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടും
2018 ൽ ആരംഭിച്ച സബ് ട്രഷറിയുടെ നിർമ്മാണം വൈകുന്നതിൽ മനുഷ്യാവകാശ കമ്മിഷൻ നിരവധി തവണ ഇടപ്പെട്ടിരുന്നു. മൂവായിരത്തിലധികം വരുന്ന പെൻഷൻകാരും മറ്റ് ഇടപാടുകാരുമെത്തുന്ന ട്രഷറിയിൽ ഞെങ്ങി ഞെരുങ്ങുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2 കോടി ഇരുപത് ലക്ഷം രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമ്മിച്ച്ഫർണിഷിംഗ് പൂർത്തിയാക്കിയിട്ട് മാസങ്ങളായിട്ടും ഉദ്ഘാടനം വൈകിപ്പിക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ഇടപാടുകാരുടെ പരാതി.
പ്രതിഷേധം ശക്തം
നിർമ്മാണം പൂർത്തിയായ ശാസ്താംകോട്ട സബ് ട്രഷറി യുടെ പുതിയകെട്ടിടം അടിയന്തരമായും ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ജില്ലാ ജനറൽ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊ.ചന്ദ്രശേഖരപിള്ള, സുധാകരപ്പണിക്കർ, എൻ. സോമൻ പിള്ള, ശൂരനാട് വാസു, ബാബുരാജൻ, ജയചന്ദ്രൻ പിളള ,ജോൺ മത്തായി, എന്നിവർ സംസാരിച്ചു.
ശാസ്താം കോട്ട സബ് ട്രഷറിയുടെ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മാറ്റി വെക്കേണ്ടിവന്നു. മന്ത്രിയുടെ സമയം ലഭ്യമാകുന്നതനുസരിച്ച് പുതിയ തീയതി പ്രഖ്യാപിക്കും.
കോവൂർ കുഞ്ഞുമോൻ