കൊച്ചി: ഒ.എൽ.എക്‌സ് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കൊട്ടാരക്കര പട്ടാഴി വില്ലേജ് സ്വദേശി ജസ്റ്റിൻ ജെയിംസി(30)നെതിരെ ഒരു കേസ് കൂടി. കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് പറവൂർ ഗോതുരുത്ത് സ്വദേശിയിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. യു.കെ റോയൽ കരീബിയൻ കപ്പലിൽ ജോലിക്കായി ആളെ ആവശ്യമുണ്ടെന്ന് ഒ.എൽ.എക്‌സ് മുഖേന പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. സമാനമായ തട്ടിപ്പ് നടത്തിയതിന് പനങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി കാക്കനാട് ജില്ലാ ജയിലിലാണുള്ളത്. മുളവുകാട് പൊലീസ് സ്റ്റേഷനിലും തട്ടിപ്പിന് കേസുണ്ട്. പത്രവാർത്ത കണ്ടാണ് തട്ടിപ്പിനിരയായവർ പൊലീസിനെ സമീപിക്കുന്നത്.