കാെല്ലം: ചടയമംഗലം തേവന്നൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി. സംഭവത്തിൽ ഭർത്താവ് ഇളമാട് തേവന്നൂർ സനൽ ഭവനത്തിൽ സനൽകുമാറിനെ (40) ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ വലതുകൈയ്ക്ക് സാരമായി പരിക്കേറ്റ സനലിന്റെ ഭാര്യ അനിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10നാണ് സംഭവം. സന്ധ്യ മുതൽ സനലും അനിലയും തമ്മിൽ വഴക്ക് നടന്നതായി അയൽക്കാർ പറയുന്നു. പത്തുമണിയോടെ സനൽ വെട്ടുകത്തിയെടുത്ത് അനിലയുടെ തലയ്ക്ക് വെട്ടാൻ ശ്രമിക്കുകയും തടഞ്ഞപ്പോൾ കൈയ്ക്ക് വെട്ടേൽക്കുകയുമായിരുന്നു. സനലിനെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.