c
കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ വിവിധ ആവശ്യങ്ങളുമായി ഓഫീസിൽ എത്തിയവരിൽ നിന്ന് നേരിട്ട് പരാതി കേൾക്കുന്നു

അപേക്ഷകൾ തീർപ്പാക്കുന്നതിൽ കാലതാമസം, ഉദ്യോഗസ്ഥർക്ക് ശാസന

കൊല്ലം: കൊല്ലം താലൂക്ക് സപ്ലൈ ഓഫീസിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ മിന്നൽസന്ദർശനം. പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിന് ഉദ്യോഗസ്ഥരെ ശാസിച്ച മന്ത്രി ഒന്നരമാസത്തിന് ശേഷം പ്രവർത്തനങ്ങൾ വിലയിരുത്താൻ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പ് നൽകിയാണ് മടങ്ങിയത്.

പരാതി രജിസ്റ്ററിൽ കുറിച്ചിട്ടിരുന്ന ഒരു പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് ബന്ധപ്പെട്ട ജീവനക്കാരിയോട് മന്ത്രി ചോദിച്ചു. മാസങ്ങൾക്ക് മുൻപുള്ള പരാതിയായതിനാൽ ജീവനക്കാരിക്ക് വ്യക്തമായ മറുപടി നൽകാനായില്ല. ഇതോടെ മന്ത്രി അല്പം ക്ഷുഭിതനായി. നിരവധി പരാതികൾ ഇവിടെ കെട്ടിക്കിടക്കുകയാണെന്നും ഒരാവശ്യത്തിന് പലതവണ കയറിയിറങ്ങേണ്ട അവസ്ഥ ജനങ്ങൾക്കുണ്ടാവരുതെന്നും താലൂക്ക് സപ്ലൈ ഓഫീസറോട് പറഞ്ഞു. അപേക്ഷയിൽ സ്വീകരിച്ച നടപടി ബന്ധപ്പെട്ടവരെ അറിയിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി പുറത്തേക്കിറങ്ങിയപ്പോൾ പ്രായമായ ഒരു സ്ത്രീ റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷയുമായി നിൽപ്പുണ്ടായിരുന്നു. അവരിൽ നിന്ന് അപേക്ഷ വാങ്ങി ഉദ്യോഗസ്ഥർക്ക് കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ തന്നെ വിളിച്ച് അറിയിക്കണമെന്ന് പറഞ്ഞ ശേഷമാണ് മന്ത്രി മടങ്ങിയത്.

ഓഫീസിന് മുന്നിൽ ക്യൂ

മന്ത്രി വരുമ്പോൾ ഓഫീസിന് മുന്നിൽ ഇരുപതോളം പേരാണ് ക്യൂ നിന്നിരുന്നത്. മന്ത്രി ഓഫീസിൽ പ്രവേശിച്ച ശേഷം ക്യൂവിലുണ്ടായിരുന്നവരെ ഉള്ളിലേക്ക് വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. എത്രയും വേഗം ഇവരുടെ പ്രശ്നങ്ങൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അപേക്ഷ വാങ്ങിയ ശേഷം എല്ലാവരെയും പെട്ടെന്ന് മടക്കി അയയ്ക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.

സപ്ലൈകോയിലുമെത്തി

രാവിലെ എ.ആർ ക്യാമ്പിന് സമീപത്തെ സപ്ലൈകോ ഗോഡൗൺ, സപ്ലൈകോ സൂപ്പർ മാർക്കറ്റ് എന്നിവ സന്ദർശിച്ച മന്ത്രി എൻ.എഫ്.എസ്.എ ഗോഡൗണിന്റെ നിർമ്മാണ പുരോഗതിയും വിലയിരുത്തി. റേഷനിംഗ് കൺട്രോളർ മുതൽ താലൂക്ക് സപ്ലൈ ഓഫീസർമാർ വരെയുള്ളവരുടെ യോഗം വിളിച്ച് ജില്ലയിലെ റേഷൻ വിതരണത്തിന്റെയും കിറ്റ് വിതരണത്തിന്റെയും സ്ഥിതി വിലയിരുത്തി.