അഞ്ചൽ: ഏരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിളക്കുപാറയിൽ പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിച്ചു. ഈ പദ്ധതിയിലൂടെ കൊവിഡ് നെഗറ്റീവ് ആകുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ കൊവിഡാനന്തര രോഗങ്ങൾക്ക് ചികിത്സ നൽകുകയുമാണ് ലക്ഷ്യം. ഏരൂർ ഗ്രാമ പഞ്ചായത്തും ഹോമിയോപ്പതിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. വരും ദിവസങ്ങളിൽ ആയുർവേദം ഉപയോഗപ്പെടുത്തി പുനർജനി കൊവിഡാനന്തര ചികിത്സ ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്നും കൊവിഡ് നെഗറ്റീവ് ആവുന്നത് കൊണ്ട് തീരുന്നില്ല എന്നും അവർ പൂർവ സ്ഥിതിയിലാകുന്നത് വരെ സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതികളിലൂടെ ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രിസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈൻ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാരായ വി.രാജി, ജി. അജിത് വാർഡ് മെമ്പർമാരായ ഡോൺ വി. രാജ്, അഞ്ചു, മഞ്ജു ലേഖ, അജി മോൾ, ഏരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈഫുദ്ധീൻ പൂക്കുട്ടി, സെക്രട്ടറി എ. നൗഷാദ്, ഡോ. ഭാരത് പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.