c

കൊല്ലം: ജില്ലയുടെ മുഖച്ചിത്രമായ ചിന്നക്കടയിലെ ക്ളോക്ക് ടവർ ''സമയംതെറ്റിയ" കാഴ്ചയാകുന്നു. സംസ്ഥാനസർക്കാർ ഔദ്യോഗിക കുറിപ്പുകളിലും പ്രസിദ്ധീകരണങ്ങളിലും ജില്ലയെ സൂചിപ്പിക്കാൻ ക്ളോക്ക് ടവറിന്റെ ചിത്രം ഉപയോഗിക്കുമ്പോഴും പരിപാലനത്തിൽ ആ പരിഗണന ലഭിക്കുന്നില്ലെന്നാണ് കൊല്ലംകാരുടെ പരാതി. മേയർ പ്രസന്ന ഏണസ്റ്റിന്റെ ഡിവിഷൻ പരിധിയിലാണ് ക്ളോക്ക് ടവർ സ്ഥിതിചെയ്യുന്നത്. ഇടയ്ക്കിടെ നഗരസഭയുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നുണ്ടെങ്കിലും സമയം കൃത്യമാക്കാനോ അവ പ്രവർത്തിപ്പിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മുനിസിപ്പൽ ചെയർമാൻ (1932 - 1948) ഉണിച്ചക്കംവീട് കെ.ജി. പരമേശ്വരൻപിള്ളയോടുള്ള ആദരസൂചകമായാണ് ക്ലോക്ക് ടവർ നിർമ്മിച്ചത്.

സമയം മാറാതെ...

4 ദിശകളിലേക്കും സമയം സൂചിപ്പിക്കുന്ന നാല് ഘടികാരങ്ങളുണ്ടെങ്കിലും ഒന്നുപോലും പ്രവർത്തിക്കുന്നില്ല. കുറച്ചുകാലം മുൻപുവരെ സമയം കൃത്യമായി സൂചിപ്പിക്കുകയും ഓരോ മണിക്കൂറിലും അലാറം പ്രവർത്തിക്കുകയും ചെയ്തിരുന്നു. പരിപാലനത്തിലെ പോരായ്മ മൂലമാണ് ക്ളോക്ക് ടവർ പ്രവർത്തനരഹിതമായത്. ചെറിയ അറ്റകുറ്റപ്പണികൾ നടത്തി അവ വീണ്ടും പ്രവർത്തിപ്പിക്കാമെന്നിരിക്കേ യാതൊരു പരിഗണനയും അധികൃതർ നൽകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

അറിയാതെയെങ്കിലും സമയമൊന്ന് നോക്കും

നഗരത്തിലൂടെ യാത്രചെയ്യുന്ന മിക്കയാളുകളും ക്ളോക്ക് ടവറിലേക്കൊന്ന് നോക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. അത് ഇവിടുത്തുകാരായാലും മറ്റ് സ്ഥലങ്ങളിൽ നിന്നെത്തുന്നവരായാലും മാറ്റമൊന്നുമുണ്ടാകില്ല. ക്ലോക്ക് ടവറിലേക്ക് നോക്കിയ ശേഷം തൊട്ടടുത്ത നിമിഷം കൈയിൽകെട്ടിയ വാച്ചിലേക്കോ മൊബൈലിലേക്കോ സമയം നോക്കുന്നത് പതിവ് കാഴ്ചയാണ്.

ശിലകളെത്തിച്ചത് കൊൽക്കത്തയിൽ നിന്ന്

ക്ലോക്ക് ടവറിന്റെ വശങ്ങളിലുപയോഗിച്ച നാല് വലിയ ശിലകൾ കൊൽക്കത്തയിൽ നിന്നാണ് എത്തിച്ചത്. കുമ്മായം, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. തിരുവിതാംകൂറിലെ ആദ്യകാല ക്ളോക്ക് ടവറുകളിൽ ഒന്നാണിത്. ടൂറിസം വകുപ്പ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങൾ ജില്ലയെ പ്രതിനിദ്ധ്വാനം ചെയ്യാൻ ഉപയോഗിക്കുന്ന ചിത്രവും ക്ലോക്ക് ടവറിന്റേതാണ്.

ക്ളോക്ക് ടവർ

ഗോപുര നിർമ്മാണം ആരംഭിച്ചത്: 1941

ക്ളോക്ക് ടവർ പൂർത്തീകരിച്ചത്: 1944