കൊട്ടിയം: കമിതാക്കളെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് പുല്ലിച്ചിറ പ്രീതാ ഭവനിൽ യേശുദാസിന്റെയും ആലീസിന്റെയും മകൻ പ്രിൻസ് യേശുദാസ് (41), മയ്യനാട് ധവളക്കുഴി കൈപ്പുഴവിള പുത്തൻവീട്ടിൽ ഗണപതി ആചാരിയുടെയും സ്വർണമ്മയുടെയും മകൾ സ്വപ്ന (37) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മയ്യനാട് റെയിൽവെ സ്റ്റേഷന് സമീപം കല്ലുംമൂട് ഭാഗത്താണ് ഇരുവരുടെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. പുലർച്ചെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി സ്പെഷ്യൽ ട്രെയിനാണ് തട്ടിയതെന്ന് കരുതുന്നു. ഇരുവരും നേരത്തേ വിവാഹിതരാണ്. പ്രിൻസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സ്വപ്നയുടെ ഭർത്താവ് മൂന്ന് വർഷം മുമ്പാണ് മരിച്ചത്. ആ ബന്ധത്തിൽ സ്വപ്നയ്ക്കും രണ്ട് മക്കളുണ്ട്.
ധവളക്കുഴിയിലെ ക്ഷീരസംഘത്തിലെ താത്കാലിക ജീവനക്കാരിയായ സ്വപ്നയും മയ്യനാട് ചന്തമുക്കിൽ വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനത്തിലെ ഡ്രൈവറായ പ്രിൻസും തമ്മിൽ കുറേ നാളുകളായി അടുപ്പത്തിലായിരുന്നു. ഇവർ എഴുതിയ ആത്മഹത്യാക്കുറിപ്പ് ബന്ധുക്കൾ പൊലീസിന് കൈമാറി.
ഒരുമിച്ച് കഴിയാനാകാത്തതിന്റെ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കരുതുന്നു. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സ്വപ്നയുടെ സംസ്കാരം വീട്ടുവളപ്പിലും പ്രിൻസിന്റെ മൃതദേഹം പുല്ലിച്ചിറ പള്ളി സെമിത്തേരിയിലും സംസ്കരിക്കും.