പടിഞ്ഞാറേക്കല്ലട : പഞ്ചായത്തിലെ കോതപുരം വാർഡിനോട് ചേർന്നുള്ള മൺറോത്തുരുത്ത് പഞ്ചായത്തിലെ കിടപ്രം വടക്ക് വാർഡിൽ കുടിവെള്ളം കിട്ടാതെ ദിവസങ്ങളായി വലഞ്ഞ നാട്ടുകാർ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ വാട്ടർ അതോറിറ്റി ജീവനക്കാരെ തടഞ്ഞുവച്ചു. പമ്പ് ഹൗസിലെ മോട്ടോർ കേടായതിനെത്തുടർന്ന് മൂന്നുദിവസമായി കൂടി വെള്ളം കിട്ടാതെ ദുരിതത്തിലായിരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് താത്ക്കാലികമായി ശാസ്താംകോട്ട ഫിൽറ്റർ ഹൗസിൽ നിന്ന് ഉള്ള വെള്ളം പൈപ്പ് ലൈനിലൂടെ വാർഡിലേക്ക് വിതരണം ചെയ്തു. രാവിലെ 11 മണിക്ക് തടഞ്ഞ ഉദ്യോഗസ്ഥരെ വൈകിട്ട് 4മണിക്ക് വെള്ളം എത്തിയ ശേഷമാണ് നാട്ടുകാർ വിട്ടയച്ചത്. ഇന്ന് ഉച്ചക്ക് മുൻപായി കേടായ മോട്ടോർ ശരിയാക്കി പമ്പ് ഹൗസിൽ സ്ഥാപിക്കാമെന്ന ഉറപ്പും ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകി..എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രം കിട്ടുന്ന ഈ വാർഡിൽ കുഴൽക്കിണറിൽ നിന്നുള്ള വെള്ളമാണ് വർഷങ്ങളായി നാട്ടുകാർ ഉപയോഗിക്കുന്നത്. ഒരു കുഴൽ കിണർ കൂടി സ്ഥാപിച്ച് ഇവിടുത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുവാൻ അടിയന്തര നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.