പരവൂർ: പൂതക്കുളം പഞ്ചായത്തിലെ കൊവിഡ് വാക്സിൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. വാക്സിൻ രണ്ടാംഘട്ട വിതരണവുമായി ബന്ധപ്പെട്ട് ഇടതുനേതാക്കൾ വാട്സ് ആപ്പിലൂടെ സന്ദേശം കൈമാറുന്നതിൽ പ്രതിഷേധിച്ചാണ് ഇവർ യോഗത്തിൽ നിന്ന് വിട്ടു നിന്നത്. പ്രായമായവർക്ക് പോലും വാക്സിൻ നൽകുന്നില്ലെന്ന് അംഗങ്ങളായ ഷൈജു ബാലചന്ദ്രൻ, മനീഷ് എന്നിവർ പരാതിപ്പെട്ടു. ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കെ. സുനികുമാർ പറഞ്ഞു.