abdurahiman
കൊല്ലത്തെത്തിയ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം സന്ദർശിച്ചപ്പോൾ. എം. നൗഷാദ് എം.എൽ.എ സമീപം

കൊല്ലം: കൊല്ലത്തിന്റെ സ്പോർട്സ്, വാട്ടർ സ്പോർട്സ് ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാനത്തിന് പുതിയ കായികനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ലതോറും നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയതായിരുന്നു അദ്ദേഹം.

കായികമേഖലയിൽ 850 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കഴിഞ്ഞ സർക്കാർ തുടക്കമിട്ടു. എന്നാൽ പല സ്റ്റേഡിയങ്ങളുടെയും അറ്റകുറ്റപ്പണി നടക്കുന്നില്ല. അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് നടത്താൻ സ്പോർട്സ് കേരളാ ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനം ഉടൻ ആരംഭിക്കും.

വിദ്യാർത്ഥികളെ പ്രൈമറി തലം തൊട്ട് കായികരംഗത്ത് സജീവമാക്കും. ഒളിമ്പിക്സ് പ്രകടനമികവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനം ഉടൻ ആരംഭിക്കും. ആവശ്യമെങ്കിൽ വിദേശ പരിശീലകരെ എത്തിക്കും. കായികരംഗത്ത് ഉണർവേകാൻ സംസ്ഥാനത്തെ പരിശീലകർക്ക് പട്യാലയിലും ഡൽഹിയിലും പരിശീലനം ലഭ്യമാക്കും. അവരുടെ സേവനം കോളജുകളിലെയും സ്കൂളുകളിലെയും കായികാദ്ധ്യാപകരെ പരിശീലിപ്പിക്കാൻ ഉപയോഗിക്കും. ഇതിനായി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുമായി ചർച്ച നടത്തും.

കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ലകൾ തോറും രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തും. സ്പോർട്സ് കൗൺസിലുകൾ ജില്ലാ - സംസ്ഥാനതല ശില്പശാലകൾ സംഘടിപ്പിക്കും. ഇവയിലെ നിർദേശങ്ങൾ ക്രോ‍ഡീകരിച്ചാകും പുതിയ കായിക നയത്തിന് രൂപം നൽകുകയെന്നും മന്ത്രി പറഞ്ഞു.