കൊല്ലം: കളിചിരികളുമായി ഓടിച്ചാടി നടന്നിരുന്ന പൊന്നുമോളുടെ വിയോഗം ഉൾക്കൊള്ളാൻ കഴിയാതെ വിതുമ്പുകയാണ് കൊട്ടാരക്കര പള്ളിക്കൽ റാണിഭവനിലുള്ളവരും അയൽവാസികളും. പാമ്പുകടിയേറ്റ് മരിച്ച നീലാംബരിയുടെ പൊതിഞ്ഞുകെട്ടിയ ചേതനയറ്റ ശരീരം വൈകിട്ട് മൂന്നരയോടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്.
കൊവിഡ് പശ്ചാത്തലത്തിലും അവളെ ഒരുനോക്ക് കാണാൻ വൻജനാവലി കാത്തുനിന്നിരുന്നു. ചേതനയറ്റ അവളുടെ കുഞ്ഞുശരീരം വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറക്കിയപ്പോൾ കൂടിനിന്നവരുടെ കണ്ഠവുമിടറി, ചിലർ ഉറക്കെ നിലവിളിച്ചു. കണ്ണീരൊലിക്കാത്ത മുഖങ്ങൾ എങ്ങും കാണാനില്ലായിരുന്നു. നാലര വരെ പൊതുദർശനത്തിന് വച്ച ശേഷമാണ് നീലാംബരിയെ കുഞ്ഞുപെട്ടിയിലാക്കി അടക്കം ചെയ്തത്.
ഈ സമയങ്ങളിലെല്ലാം അച്ഛൻ രതീഷും അമ്മ ആർച്ചയും ആർത്തലച്ച് കരയുകയായിരുന്നു. പാട്ടുപാടിയും കൊച്ചുവായിൽ ഒത്തിരി വർത്തമാനം പറഞ്ഞും ഓടിക്കളിച്ചിരുന്ന ഏകമകൾ തിരിച്ചുവരാത്ത ലോകത്തേക്ക് കടന്നുപോയത് അവർക്കിനിയും വിശ്വസിക്കാനായിട്ടില്ല. താങ്ങാനാകാത്ത ഹൃദയഭാരത്തോടെ മുത്തശ്ശൻ ശ്രീജയനും സമീപത്തുണ്ട്. അദ്ദേഹത്തിന്റെ വിരലിൽത്തൂങ്ങി മുറ്റത്ത് കളിക്കുന്നതിനിടെയാണ് നീലാംബരിയെ പാമ്പുകടിക്കുന്നത്. പാമ്പിഴഞ്ഞ് ദ്വാരത്തിലേക്ക് കയറുന്നത് ശ്രീജയൻ കണ്ടതുമാണ്.
നീലാംബരിയെ കോരിയെടുത്ത് താലൂക്ക് ആശുപത്രിയിലേക്ക് പായുമ്പോൾ എല്ലാവരിലും പ്രതീക്ഷയുണ്ടായിരുന്നു. തുടക്കത്തിൽ അധികം അവശത കാട്ടാതിരുന്ന കുഞ്ഞ് ആശുപത്രിയിലെത്തിയപ്പോഴേക്കും അസ്വസ്ഥകൾ പ്രകടിപ്പിക്കാൻ തുടങ്ങി. ഇതിനിടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചെങ്കിലും യഥാസമയം ആംബുലൻസ് കിട്ടിയില്ല. പിന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസുമായി തിരുവനന്തപുരത്തേക്ക് പായുമ്പോഴേക്കും നീലാംബരിയിൽ നിന്ന് ജീവൻ അകന്നുപൊയ്ക്കൊണ്ടിരുന്നു.