ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് കരിയിലക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിക്കുകയും തുടരന്വേഷണത്തിനിടെ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. കുട്ടിയുടെ മരണത്തിൽ മാതാവ് രേഷ്മയെ അറസ്റ്റ് ചെയ്തെങ്കിലും ഉറ്റബന്ധുക്കളായ യുവതികളുടെ മരണത്തിലേയ്ക്ക് നയിച്ച കാര്യങ്ങളെ സംബന്ധിച്ച് ഒരു തുമ്പും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം. ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകനൊപ്പം പോകുന്നതിനായി കുഞ്ഞിനെ പ്രസവിച്ചയുടൻ സ്വന്തം ഇഷ്ടപ്രകാരം ഉപേക്ഷിച്ചെന്നാണ് രേഷ്മ പൊലീസിനു നൽകിയ മൊഴി.
രേഷ്മയുടെ ഫേസ്ബുക്ക് കാമുകനുവേണ്ടി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. രേഷ്മയ്ക്ക് പുറമേ രേഷ്മയുടെ ഫേസ്ബുക്ക് പേജിന്റെ പാസ്‌വേഡ് അറിയാമായിരുന്ന രണ്ടുപേരാണ് അന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയും. കൊവിഡ് പോസിറ്റീവായതിനാൽ രേഷ്മയെ കൂടുതൽ ചോദ്യം ചെയ്യാൻ സമയമെടുക്കും. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തായ പരവൂർ മുനിസിപ്പാലിറ്റിയിലെ കൗൺസിലറുടെ മകൻ അമലിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.