കുന്നത്തൂർ: വിസ്മയയുടെ മരണം കൊലപാതകമാണോയെന്ന സംശയം ദൂരീകരിക്കുന്നതിനായി ഫോറൻസിക് വിദഗ്ദ്ധർ സംഭവം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു. വിസ്മയയെ ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് മുതൽ കെട്ടഴിച്ച് നിലത്ത് കിടത്തി ശ്വാസം നൽകിയത് വരെയുള്ള സംഭവങ്ങൾ ഭർത്താവ് കിരണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡമ്മിയിൽ പുനരാവിഷ്കരിക്കുകയായിരുന്നു. കിരണിന്റെ പോരുവഴിയിലെ വീട്ടിൽ ഫോറൻസിക് വകുപ്പ് മേധാവി കെ. ശശികല, റൂറൽ എസ്.പി കെ.ബി. രവി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നടപടികൾ.
മൊഴികളും പുനരാവിഷ്കരണത്തിന്റെ റിപ്പോർട്ടും ശാസ്ത്രീയമായി താരതമ്യം ചെയ്യും. സംഭവദിവസം വഴക്കുണ്ടായെങ്കിലും മർദ്ദിച്ചില്ലെന്നും മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ച ശേഷമാണ് വിസ്മയ ടോയ്‌ലെറ്റിൽ കയറിയതെന്നും കിരൺ ചോദ്യം ചെയ്യലിൽ പറഞ്ഞു. അതേസമയം, ഏറെനേരം ഭാര്യയെ കാണാതിരുന്നിട്ടും അന്വേഷിക്കാതിരുന്നതെന്ത്, ടൗവലുമായി പോകുന്നത് കണ്ടോ എന്നീ ചോദ്യങ്ങൾക്ക് പ്രതി മറുപടി നൽകിയില്ല.
വിസ്മയയെ ക്രൂരമായി മർദ്ദിച്ചിരുന്നത് കൂടാതെ മൂന്ന് ഫോണുകൾ തല്ലിത്തകർത്തിട്ടുണ്ടെന്നും കിരൺ വെളിപ്പെടുത്തി. കാറിനെച്ചൊല്ലി മാത്രമായിരുന്നില്ല തർക്കം. വിസ്മയ സ്വന്തം കുടുംബത്തോട് കൂടുതൽ അടുപ്പം കാണിക്കുന്നതിലെ കടുത്ത അമർഷമാണ് പലപ്പോഴും മർദ്ദനത്തിൽ കലാശിച്ചിരുന്നതെന്നും അഞ്ച് തവണ മർദ്ദിച്ചിട്ടുണ്ടെന്നും കിരൺ വെളിപ്പെടുത്തി.
ബാങ്ക് ലോക്കർ പരിശോധിച്ചു
സ്ത്രീധനമായി കിട്ടിയ സ്വർണാഭരണങ്ങൾ സൂക്ഷിച്ച ശാസ്താംനടയിലെ ബാങ്ക് ശാഖയിലെ ലോക്കർ തുറന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തി. മൂന്ന് വലിയ മാലകളും ഒൻപത് വളകളും ഉൾപ്പെടെ 42 പവനാണ് ലോക്കറിൽ ഉണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തി സ്വർണം ലോക്കറിൽ വച്ചു. അതിനുശേഷം ലോക്കർ തുറന്നിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
വിവാഹത്തിന് മുമ്പും മർദ്ദിച്ചു
നിശ്ചയത്തിന് ശേഷം കിരൺ കുമാർ വിസ്മയയെ കോളേജിൽ നിന്ന് കാറിൽ കൂട്ടിക്കൊണ്ടു വരുന്നതിനിടെ തർക്കമുണ്ടായതായും പന്തളം പാലത്തിന് സമീപത്ത് വച്ച് മർദ്ദിച്ചെന്നും വിസ്മയയുടെ പിതാവ് മൊഴി നൽകി. സ്ഥിരീകരണത്തിനായി ഇന്നലെ കിരണിനെ പന്തളം പാലത്തിന് അടുത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. പക്ഷെ, ചോദ്യംചെയ്യലിൽ കിരൺ ഇത് നിഷേധിച്ചു.