കൊല്ലം: വിക്ടോറിയ ആശുപത്രിക്ക് സമീപത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഈമാസം 26ന് ലഭിച്ച ആൺകുട്ടിക്ക് തൃദേവ് എന്ന് പേരിട്ടു. വിക്ടോറിയ ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ഇന്നലെ ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ ഡി. ഷൈൻദേവ് ഏറ്റുവാങ്ങി.
26ന് രാത്രി എട്ടരയോടെയാണ് പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുട്ടിയെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. കുഞ്ഞിനെ ലഭിച്ചതിന് പിന്നാലെ അമ്മത്തൊട്ടിലിനെയും വിക്ടോറിയ ആശുപത്രിയേയും ബന്ധിപ്പിച്ച് ഘടിപ്പിച്ചിട്ടുള്ള സൈറൺ മുഴങ്ങി. ഇതോടെ ആശുപത്രി അധികൃതരെത്തി തൊട്ടിലിൽ നിന്ന് കുഞ്ഞിനെ എടുത്തു. മൂന്ന് ദിവസം നീണ്ട നിരീക്ഷണത്തിൽ കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ശിശുക്ഷേമ സമിതിക്ക് കൈമാറിയത്. കുളത്തൂപ്പുഴ ചിൽഡ്രൻസ് ഹോമിലെ ഒരു കുട്ടിയാണ് തൃദേവ് എന്ന പേര് നിർദേശിച്ചത്.