teacher

കൊല്ലം: ഹൈസ്കൂൾ, യു.പി അദ്ധ്യാപക തസ്തികകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളിലൊന്നായ കെ - ടെറ്റ് പരീക്ഷ വൈകുന്നതിൽ നൂറുകണക്കിന് അദ്ധ്യാപക ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. ഈ വർഷം ഇതുവരെ പരീക്ഷ നടക്കാത്തതിനാൽ ഇപ്പോൾ സോഷ്യൽ സയൻസ് എച്ച്.എസ്.എ തസ്തികയിലേക്കും ഇവർക്ക് അപേക്ഷിക്കാൻ കഴിയുന്നില്ല.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പരീക്ഷാഭവൻ വർഷത്തിൽ രണ്ടും മൂന്നും തവണ കെ - ടെറ്റ് പരീക്ഷ നടത്താറുണ്ട്. എന്നാൽ കൊവിഡ് കാരണം 2020ൽ ഒരുതവണ മാത്രമാണ് നടത്തിയത്. ഈ വർഷം ആദ്യം പരീക്ഷാഭവൻ അപേക്ഷ ക്ഷണിച്ചെങ്കിലും ഇതുവരെ പരീക്ഷ നടത്തിയില്ല. ഇതിനിടയിലാണ് എച്ച്.എസ്.എ സോഷ്യൽ സയൻസ് തസ്തികയിലേക്ക് ഒൻപത് വർഷത്തിന് ശേഷം പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. ജൂലായ് ഏഴാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ സമയത്തിനുള്ളിൽ കെ - ടെറ്റ് നടത്തി ഫലം പ്രസിദ്ധീകരിക്കാനാവില്ല.

പി.എസ്.സിയുടെ ചട്ടങ്ങൾ പ്രകാരം അപേക്ഷിക്കുന്ന സമയത്ത് തന്നെ നിശ്ചിത യോഗ്യതയുണ്ടാകണം. കൊവിഡ് കാരണം കെ - ടെറ്റ് വൈകുന്നത് കണക്കിലെടുത്ത് എച്ച്.എസ്.എ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. അല്ലെങ്കിൽ കെ - ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി സർട്ടിഫിക്കറ്റ് പരിശോധന വരെ നീട്ടിനൽകണമെന്ന ആവശ്യവും ഉദ്യോഗാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നു.

'' ഉദ്യോഗാർത്ഥികളുടെ ഭാവി പരിഗണിച്ച് അടിയന്തരമായി കെ - ടെറ്റ് പരീക്ഷ നടത്താൻ വകുപ്പ് തയ്യാറാകണം. പി.എസ്.സി എച്ച്.എസ്.എ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ കെ - ടെറ്റ് നേടാനാകാത്ത നൂറുകണക്കിന് പേർ ആശങ്കയിലാണ്. ഇത് പരിഹരിക്കണം ''

അഡ്വ. കെ.എം. സച്ചിൻദേവ് (എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി)