കൊല്ലം: മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിനെ നിലമേലിലെ ഭാര്യാഗൃഹത്തിലെത്തിച്ച് തെളിവെടുക്കാനുള്ള ശ്രമം മുടങ്ങി. ഇന്നലെ രാവിലെ വീഡിയോ കോൺഫറൻസിലൂടെ ശാസ്താംകോട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ കിരണിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് തെളിവെടുപ്പ് മാറ്റിവച്ചത്.
കഴിഞ്ഞ ജനുവരിയിൽ ഇരുവരും തമ്മിൽ കിരണിന്റെ പോരുവഴിയിലെ വീട്ടിൽവച്ച് വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെ കിരൺ വിസ്മയയെ കാറിൽക്കയറ്റി അർദ്ധരാത്രി നിലമേലിലെ വീടിനു മുന്നിലെത്തി. അവിടെ വച്ച് വിസ്മയയെ മർദ്ദിച്ചതോടെ തടയാനെത്തിയ സഹോദരൻ വിജേഷിനെയും ആക്രമിച്ചു. പ്രദേശവാസികൾ ഉണർന്നതോടെ കിരൺ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട തെളിവെടുപ്പാണ് ഇന്നലെ ആസൂത്രണം ചെയ്തിരുന്നത്.
കിരണിനെ തെളിവെടുക്കാനെത്തിക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് വിസ്മയയുടെ വീട്ടുപരിസരത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയത്. ഇക്കഴിഞ്ഞ 21ന് പുലർച്ചെയാണ് വിസ്മയയെ ഭർത്താവ് കിരൺകുമാറിന്റെ പോരുവഴിയിലെ വീട്ടിലെ ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സബ് ജയിലിലേക്ക് മാറ്റി
കിരണിനെ 3 ദിവസത്തേക്കാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നിലമേലിലെ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങിയെത്താൻ വൈകുമെന്ന ആശങ്കയിലാണ് രാവിലെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയത്. അതിനുശേഷം തെളിവെടുപ്പ് നടത്താനുള്ള തീരുമാനമാണ് കൊവിഡ് സ്ഥിരീകരിച്ചതോടെ തെറ്റിയത്. കിരൺകുമാറിനെ നെടുമങ്ങാട് സബ് ജയിലിലേക്ക് മാറ്റി. കൊവിഡ് മുക്തനായ ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങും.