കൊട്ടാരക്കര: കോടികളുടെ വികസന പദ്ധതികൾ നടപ്പാക്കിയതിന്റെ കണക്കുകൾ നിരത്തുമ്പോഴും പാമ്പ് കടിയേറ്റ് എത്തുന്നവരെ ചികിത്സിക്കാൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സംവിധാനമില്ലാത്തത് തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടിന് പാമ്പ് കടിയേറ്റ രണ്ടര വയസുകാരി നീലാംബരിയുടെ ജീവൻ രക്ഷിക്കാനാകാതെ പോയതും ഇതുകൊണ്ടാണ്. പാമ്പിന്റെ കടിയേറ്റ് ഇരുപത് മിനിട്ടിനകം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയതാണ്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടേക്കുള്ള വഴിമദ്ധ്യേയാണ് കുട്ടി മരിച്ചത്. കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ ആ കുരുന്നിന്റെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് എന്നിവരും ഡയാലിസിസ്, വെന്റിലേറ്റർ സൗകര്യങ്ങളും വിഷചികിത്സാ വിഭാഗത്തിൽ അനിവാര്യമാണ്. എന്നാൽ കൊട്ടാരക്കരയിൽ ഈ വിഭാഗം ഡോക്ടർമാരില്ല. ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആദ്യ ഡയാലിസിസിന് സംവിധാനമില്ല. പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയാൽ ആന്റിവെനം നൽകിയശേഷം മെഡിക്കൽ കോളേജിലേക്കോ മറ്റോ റഫർ ചെയ്യുന്ന രീതി തുടരുമ്പോൾ മരണസംഖ്യയും കൂടുകയാണ്.
67 കോടി അനുവദിച്ചിട്ടും
പുതിയ കെട്ടിട സംവിധാനങ്ങളടക്കം 62.87 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷമെത്തുമ്പോഴും മണ്ണ് നീക്കംപോലും നടന്നിട്ടില്ലെന്നതും ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഹൈടെക് വികസനത്തിനൊപ്പം വിഷചികിത്സാ സംവിധാനവും ഉറപ്പാക്കണമെന്നാണ് പൊതു ആവശ്യം.