കൊല്ലം: നഗരത്തിലെ ചില റേഷൻ കടകളിൽ വിതരണം ചെയ്യുന്നത് ഏഴ് മാസം വരെ പഴക്കമുള്ള ആട്ട മാവ്. പായ്ക്ക് ചെയ്ത തീയതി മുതൽ രണ്ട് മാസം വരെ മാത്രം ഉപയോഗക്ഷമമെന്നാണ് കവറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞവർഷം ഡിസംബറിൽ പായ്ക്ക് ചെയ്ത ആട്ടമാവാണ് നഗരത്തിലെ ഒരു റേഷൻ കടയിൽ ഇന്നലെയും വിതരണം ചെയ്തത്.
സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന ഗോതമ്പിന്റെ ഒരുഭാഗം പൊതുവിതരണ വകുപ്പ് ഏറ്റെടുത്ത് സ്വകാര്യ മില്ലുകൾക്ക് കൈമാറും. മില്ലുകളിൽ പൊടിച്ച് പായ്ക്ക് ചെയ്താണ് റേഷൻ കടകളിൽ വിതരണത്തിന് എത്തിക്കുന്നത്. മുൻഗണന, എ.എ.വൈ വിഭാഗങ്ങൾക്ക് ഓരോ കിലോ ആട്ട മാവാണ് ഏഴ് രൂപ നിരക്കിൽ നൽകുന്നത്. മുൻഗണനേതര , മുൻഗണനേതര സബ്സിഡി വിഭാഗങ്ങൾക്ക് രണ്ട് കിലോ വീതം 15 രൂപ നിരക്കിലും ലഭിക്കും.
തിരിച്ചെടുക്കും, മെനക്കെടില്ല
നിശ്ചിത കാലാവധി കഴിഞ്ഞാൽ പൊതുവിതരണ വകുപ്പ് വിറ്റുപോകാത്ത ആട്ട ഏറ്റെടുത്ത ശേഷം പകരം പുതിയത് നൽകും. അതുകൊണ്ട് തന്നെ വിറ്റ് പോകാതിരുന്നാൽ റേഷൻ കട ഉടമകൾക്ക് നഷ്ടം സംഭവിക്കില്ല. എന്നാൽ തിരിച്ചുനൽകി പുതിയത് വാങ്ങാൻ മെനക്കെടാതെ പല കട ഉടമകളും മാസങ്ങൾ പഴക്കമുള്ളത് ഉപഭോക്താക്കളെ അടിച്ചേൽപ്പിക്കുകയാണ്.