dr-sanjay-raju
ഡോ. സഞ്ജയ് രാജു

സമൂഹത്തിൽ വേദനിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കാനുള്ള ഉൾക്കാഴ്ചയാണ് ഒരു ഡോക്ടർക്ക് വേണ്ടത്. രണ്ട് ദശാബ്ദക്കാലമായി 85000 തിമിര ശസ്ത്രക്രിയകൾ നടത്തി അപൂർവനേട്ടത്തിലെത്തി നിൽക്കുകയാണ് ശാസ്താംകോട്ട എം.ടി.എം.എം മിഷൻ ഹോസ്പിറ്റലിലെ നേത്രവിഭാഗം മേധാവി ഡോ. സഞ്ജയ് രാജു. ഇതിൽ പകുതിയിലധികം ശസ്ത്രക്രിയകളും സൗജന്യമായാണ് ചെയ്തത്. ഒരു ദിവസം 123 ശസ്ത്രക്രിയ വരെ ചെയ്തിട്ടുണ്ട്. രാവിലെ 6ന് ഓപ്പറേഷൻ തിയേറ്ററിൽ കയറിയാൽ രാത്രി 11നാണ് തിരിച്ചിറങ്ങുന്നത്. ഇത് അപൂർവങ്ങളിൽ അപൂർവമാണ്. തിമിരം ബാധിച്ചവരുടെ വർണസ്വപ്നങ്ങൾക്ക് നിറച്ചാർത്തേകുകയാണ് അദേഹത്തിന്റെ ലക്ഷ്യം. ദിവസവും അഞ്ഞൂറിലധികം രോഗികളെയാണ് എം.ടി.എം.എം ഹോസ്പിറ്റലിൽ പരിശോധിക്കുന്നത്. ക്ഷമയോടെ ഓരോരുത്തരോടും രോഗവിവരങ്ങൾ ചോദിച്ചറിയുന്നത് എല്ലാ ഡോക്ടർമാർക്കും മാതൃകയാണ്. സ്വകാര്യപ്രാക്ടീസിലൂടെ ഇന്നുവരെ ഒരുരൂപ പോലും വാങ്ങിയിട്ടില്ലാത്ത എം.ടി.എം എം ഹോസ്പിറ്റലിലെ ചീഫ് ഒഫ്താൽമോളജിസ്റ്റ് ഡോ:. സഞ്ജയ് രാജുവും ഹോസ്പിറ്റലിലെ മാനേജ്മെന്റും ഒരുമിച്ചാണ് ഈ സേവനം നൽകി വരുന്നത്.

തെക്കൻ കേരളത്തിലെ പല വൃദ്ധസദനങ്ങളിൽ നിന്നുമുള്ള വയോജനങ്ങൾക്ക് സൗജന്യമായി തിമിരശസ്ത്രക്രിയ നടത്തുന്നുണ്ട്. ഓരോ വർഷവും പതിനായിരത്തോളം ശസ്ത്രക്രിയകളാണ് ഇദ്ദേഹം ചെയ്തുവരുന്നത്. നേരത്തേ അപൂർവരോഗം ബാധിച്ച ആറ്റിങ്ങൽ സ്വദേശി ഹസീനയുടെ (22) കണ്ണിൽ നിന്ന് 11മില്ലിമീറ്റർ നീളമുള്ള പുഴുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് വാർത്താപ്രാധാന്യം നേടിയിരുന്നു. തിരുവല്ലയിലെ ഓതറയിലെ കുടിലിൽ രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലാതെ നരകിച്ച രമണിയെന്ന 44വയസുകാരി മുതൽ 14 വയസിൽ അന്ധനായ അഞ്ചാലുംമൂട് സ്വദേശി അനിൽകുമാർ വരെ 6000ത്തിൽ അധികം പേരെ പൂർണ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് കൈപിടിച്ചു നയിച്ചു. ഇത്തരം അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഊർജം.

ഡോക്ടറുടെ പരിശ്രമഫലമായി ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി ഓരോ ആഴ്ചയിലും ക്യാമ്പ് സംഘടിപ്പിച്ച് തിരഞ്ഞെടുക്കുന്നവരെ ആശുപത്രിയിലെത്തിച്ച് സൗജന്യമായി ചികിത്സ നൽകുന്നുണ്ട്. ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാൻ താത്പര്യമുള്ളവർക്ക് ആശുപത്രിയുമായി ബന്ധപ്പെടാം. ആശുപത്രിയിൽ മാത്രമല്ല അദേഹത്തിന്റെ സേവനം. വീട്ടിൽ കിടക്കുന്ന രോഗികളെയും ഫലപ്രദമായി ചികിത്സിക്കുന്നുണ്ട്.

ഒരു കവി കൂടിയാണ് ഡോക്ടർ സഞ്ജയ്‌. ഇരുട്ടിന്റെ ആത്മാവ്, തിരിഞ്ഞുനോട്ടം എന്നീ കവിതകൾ അദ്ദേഹത്തിന്റെ സംഭാവനയാണ്. അതിൽ ഒരെണ്ണം പ്രകാശനം ചെയ്തത് പെരുമ്പടവമാണ്. അത് ജീവിതത്തിൽ അവിസ്മരണീയമായ മുഹൂർത്തമാണെന്ന് അദ്ദേഹം പറയുന്നു. ശാസ്താംകോട്ട മുതുപിലക്കാട് അമ്പിയിൽ വീട്ടിൽ പാപ്പച്ചൻ - ത്രേസ്യ ദമ്പതികളുടെ മകനാണ് സഞ്ജീവ് രാജ്. തിരുവനന്തപുരം ഡെന്റൽ സർജൻ ഡോ. ഇന്ദുവാണ് ഭാര്യ. ജൊഹാൻ, ഹന്ന എന്നിവർ മക്കളാണ്.

70 ചാരിറ്റി പ്രോജക്ടുകൾ:

125 അവാർഡുകൾ
70 ചാരിറ്റി പ്രോജക്ടുകൾ ഡോ. സഞ്ജയ് രാജു ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ 125 ഓളം അവാർഡുകളും കരസ്ഥമാക്കി. നേത്ര രോഗങ്ങളിൽ 80 ശതമാനവും ചികിത്സിച്ച് ഭേദമാക്കാവുന്നതും 20 ശതമാനം പ്രതിരോധിക്കാവുന്നതുമാണെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. വിവിധ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ കാഴ്ചാശേഷി മനസിലാക്കാനുള്ള ചാർട്ട് സ്ഥാപിച്ച് കുട്ടികളുടെ കാഴ്ചശക്തി പരിശോധിക്കുകയും കുറവുള്ളവരെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയരാക്കുകയും ചെയ്യാനുള്ള പദ്ധതിയും അദ്ദേഹം നടപ്പാക്കി. ഇത് സംസ്ഥാന തലത്തിൽ നടപ്പാക്കണമെന്നാണ് ഡോക്ടറുടെ അഭിപ്രായം.