c

കൊല്ലം: കന്നുകാലികളെ വളർത്തി ഉപജീവനം നടത്തുന്ന രോഗികളായ വയോധികരുടെ വീട്ടിൽ ഉടൻ പൈപ്പ് കണക്ഷൻ ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. കണക്ഷൻ നൽകിയ ശേഷം കൊല്ലം ആർ.ഡി.ഒ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കൊല്ലം റവന്യൂ ഡിവിഷണൽ ഓഫീസർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പരാതിക്കാരുടെ കുടുംബത്തിന് കുടിവെള്ളം നിഷേധിക്കുന്നത് ഗൗരവമായാണ് കാണുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

തൃക്കരുവ സ്വദേശികൾക്കെതിരെ വി. ശോഭന അമ്മയും കെ.ജി. ശശിമോഹൻ നായരും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാർക്ക് വീട്ടിലേക്ക് പോകാൻ സ്വന്തമായി വഴിയില്ല. എതിർകക്ഷികളുടെ വസ്തുവിലൂടെയാണ് വഴി നടക്കുന്നത്. ഈ വസ്തുവിന് മുകളിലൂടെയാണ് പരാതിക്കാർ വൈദ്യുതി കണക്ഷനെടുത്തത്. വഴിനടക്കാൻ എതിർകക്ഷികൾ തടസം നിൽക്കുന്നില്ല. എന്നാൽ നടക്കുന്ന വഴിയിലൂടെ കുടിവെള്ള പൈപ്പ് കൊണ്ടു പോകാൻ അനുവദിക്കുന്നില്ല.

കമ്മിഷൻ കൊല്ലം സബ്കളക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വൃദ്ധദമ്പതികളുടെ കുടുംബത്തിന് കുടിവെള്ളം നൽകാൻ തീരുമാനമെടുക്കാത്ത ആർ.ഡി.ഒയുടെ നടപടിയിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. എതിർ കക്ഷികളുടെ അവകാശങ്ങളെ ഹനിക്കാതെ നിലവിലുള്ള ഭൂമിയുടെ ഘടനയ്ക്കോ സ്വഭാവത്തിനോ മാറ്റം വരാത്ത വിധത്തിൽ കുടിവെള്ള കണക്ഷൻ നൽകണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.