ഇന്ന് ഡോക്ടേർസ് ഡേയാണ്. വെസ്റ്റ് ബംഗാൾ മുൻമുഖ്യമന്ത്രി ഡോ. ബി.സി. റോയിയുടെ സേവനങ്ങളെ ഓർമ്മിക്കപ്പെടുന്ന മഹത്തായ ദിനം. ഈയവസരത്തിൽ നമുക്കും ആദരിക്കാം, കൊട്ടാരക്കരയിലെ പ്രശസ്തമായ 'നീലമന' വസതിയെ അലങ്കരിക്കുന്ന ഡോക്ടർമാരെ. അവിടുത്തെ ഗൃഹനാഥനാണ് എൻ.എസ്. നാരായണൻ പോറ്റിയുടെയും ദ്രൗപതി അന്തർജനത്തിന്റെയും ദ്വിതീയ പുത്രനായ ഡോ. എൻ.എൻ. മുരളി (പ്രിയപ്പെട്ടവരുടെ പോറ്റി ഡോക്ടർ). ഭാര്യ: ഗീതയെന്ന യോഗവതി അന്തർജനം. ഇവരുടെ രണ്ടുമക്കളും വിഖ്യാത നർത്തകിമാരും ഡോക്ടർമാരുമാണ്. ഡോ. പതി പ്രവീണും ഡോ. പത്മിനി കൃഷ്ണനും. മരുമക്കൾ: ഡോ. പ്രവീൺ നമ്പൂതിരി എം.ഡി, ഡി.എം (കൊല്ലത്തെ നെഫ്രോളജിസ്റ്റ്), ഡോ. ഇ.പി. കൃഷ്ണൻ നമ്പൂതിരി, എം.എസ് (കോട്ടയത്തെ സർജൻ). വൈദ്യശാസ്ത്രത്തിനും കലയ്ക്കും വേണ്ടി ഒരു കുടക്കീഴിൽ ദൈവം അനുഗ്രഹിച്ചു നൽകിയ നിധികളാണിവർ.
ജീവൻ കൈവിട്ടുപോകുമെന്ന് തോന്നിയ നിമിഷങ്ങളിൽ ദൈവരൂപത്തിലെത്തി പലരെയും തിരികെ ജീവിതത്തിലേയ്ക്ക് നയിച്ചയാളാണ് ഇന്ത്യയിലെ തന്നെ മികച്ച ഡോക്ടർമാരിലൊരാളായ എൻ.എൻ. മുരളി. ഏറ്റവും കൂടുതൽ മേജർ സർജറികൾ സർക്കാരാശുപത്രികളിൽ വിജയകരമായി നടത്തിയതിന് 2012ലെ ലിംക ബുക്ക് ഒഫ് റെക്കോർഡ്‌സിൽ സ്ഥാനം പിടിച്ചയാളാണദ്ദേഹം. കേരളത്തിലെ വിവിധ സർക്കാരാശുപത്രികളിലെ സേവനത്തിനു ശേഷം പത്തനംതിട്ടയിൽ നിന്ന് ഡി.എം.ഒ ആയാണ് വിരമിച്ചത്. തുടർന്ന് കൊട്ടാരക്കരയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും ജോലിചെയ്തു. മൈലത്ത് ഡോ. മുരളീസ് മെഡിക്കൽ സെന്റർ എന്ന പേരിൽ വേരിക്കോസ്, പൈൽസ്, ഹെർണിയ, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾക്ക് അത്യാധുനിക ചികിത്സകൾ നൽകുന്ന ആശുപത്രി സ്ഥാപിച്ചു. അതിനെ നയിക്കുന്നതോടൊപ്പം കൊവിഡിൽ കഷ്ടപ്പെടുന്നവർക്ക് ചികിത്സ നൽകി രോഗികൾക്ക് ആശ്രയമാവുകയാണ് ഡോ. എൻ.എൻ മുരളി. സമൂഹ്യപ്രവർത്തകൻ, ഗ്രന്ഥകർത്താവ്, വാഗ്മി എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മക്കൾ രണ്ടു പേരെയും വൈദ്യശാസ്ത്രരംഗത്തെത്തിക്കണമെന്ന ആഗ്രഹം സഫലമാക്കാൻ സഹിച്ച കഷ്ടപ്പാടുകൾക്ക് ഒത്തിരി കഥകൾ പറയാനുണ്ട്. വളരെ ബാല്യത്തിലേ മക്കളിൽ കണ്ടെത്തിയ കലാവാസനയെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സ്‌കൂൾ, സർവകലാശാലാ തലങ്ങളിൽ കലാതിലകങ്ങളായി ശോഭിക്കാൻ ഇവർക്ക് കഴിഞ്ഞത് അതിന്റെ ഫലമായാണ്. തുടർന്നുള്ള എം.ബി.ബി.എസ് പഠനവും ഗുരുക്കന്മാരുടെ ശിക്ഷണത്തിലുള്ള നൃത്തപഠനവും അവരെ നീലമന സിസ്റ്റേഴ്‌സ് എന്ന ഓമനപ്പേരിൽ എത്തിച്ചതും ഒരു നിയോഗം. വൈദ്യശാസ്ത്രത്തേക്കാൾ കാൽചിലങ്കകളുടെ മാസ്മരലോകമാണ് അവരെ കാത്തിരുന്നത്. ഇന്നവർക്ക് നൃത്തലോകത്തെ അനന്ത സാദ്ധ്യതകളെ കീഴടക്കാൻ കഴിയുന്നുവെന്നതിന്റെ ഉദാഹരണമാണ് ഭാഷയ്ക്കും ദേശത്തിനുമപ്പുറം അവരുടെ കാൽച്ചിലങ്കകൾക്കായി കാതോർത്തിരിക്കുന്ന ആസ്വാദകർ തിങ്ങി നിറഞ്ഞ സദസുകൾ. ഹൈന്ദവ പുരാണങ്ങളും അനശ്വര കൃതികളും കുച്ചിപ്പുടിയിലൂടെയും ഭരതനാട്യത്തിലൂടെയും നൃത്തസമന്വയമായി വേദികളിൽ അവതരിപ്പിക്കുന്ന അവർ പുതിയ നൃത്ത രൂപങ്ങളുടെ പണിപ്പുരയിലാണ്.
'പഠനം അദ്ധ്വാനിച്ചെടുത്തത്, കല ദൈവം തന്നത് ' എന്ന് വിശ്വസിക്കുന്ന ഇവർക്ക് കലയെ ഉപേക്ഷിക്കാൻ കഴിയില്ല. 'നൃത്തം ആത്മാവിന്റെ മാത്രം രഹസ്യഭാഷയല്ലെന്നും സൗഖ്യത്തിന്റെ കൂടി ഭാഷയാണെന്നും കാഴ്ചക്കാർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഇവർ പറയുന്നു. പ്രണയവും സ്‌നേഹവും കോപവും ഭക്തിയുമുൾക്കൊള്ളുന്ന എല്ലാ ആശങ്കകളേയും അകറ്റുന്ന ആത്മോത്തേജകമായ ഒരു കലാരൂപവുമാണ് നൃത്തമെന്ന് അനുഭവത്തിലൂടെ ഇവർ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു മക്കളുമായി സകുടുംബം കൊല്ലത്ത് താമസിക്കുന്ന ഡോ. ദ്രൗപതി പ്രവീൺ കൊവിഡിൽ പാലിക്കുവാനുള്ള ചില നിർദേശങ്ങൾ ലളിതമായി സമൂഹത്തിന് നൽകിയിയത് വളരെ പ്രശംസിക്കപ്പെട്ടിരുന്നു. കൊല്ലത്ത് നാട്യപ്രിയ ഡാൻസ് സ്‌കൂൾ എന്ന നൃത്ത വിദ്യാലയത്തിന് നേതൃത്വം നൽകിവരുകയാണിപ്പോൾ. അവിടെ ത്രിനേത്ര ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ എന്ന കലാവിരുന്നും തുടരുന്നുണ്ട്. ഒപ്പം സ്വന്തമായി ക്രോഷൈ വർക്കുകളും ചെയ്യുന്നു. ഇവകളിൽ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു പങ്കും ഭർത്താവ് നേതൃത്വം നൽകുന്ന 'സേവ് കിഡ്‌നി ഫൗണ്ടേഷന്' സമർപ്പിക്കുകയാണ്. നിർദ്ധനരായ വൃക്കരോഗികൾക്ക് വലിയ ആശ്വാസമാണ് അതുമൂലം ലഭിക്കുന്നത്. ആരോഗ്യ മേഖലയിലും സജീവ സാന്നിദ്ധ്യമുണ്ട്.
ഡോ. പത്മിനി കൃഷ്ണൻ കുടുംബവുമായി കോട്ടയത്താണ് താമസം. മൂന്നു മക്കളുണ്ട്. അവിടെയും നാട്യപ്രിയ ഡാൻസ് സ്‌കൂളിന് നേതൃത്വം നൽകുന്നുണ്ട്. ഒപ്പം ശാസ്ത്രീയ സംഗീത സദസുകൾക്കും വേദികൾ പങ്കിടുകയുമാണ്. നാട്യവേദത്തിലെ വിവിധ വശങ്ങൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അതീവ താത്പര്യം കാണിക്കുന്നുമുണ്ട്.
ഭാരതത്തിലെ അറിയപ്പെടുന്ന ക്ഷേത്രങ്ങൾ, വിവിധ വാർത്താ വിക്ഷേപണ ചാനലുകൾ, സൂര്യാ ഫെസ്റ്റിവൽ, കേരളോത്സവം, സ്വാതിതിരുന്നാൾ സംഗീതോത്സവം, ഖജുരാഹോ ഫെസ്റ്റിവൽ, ഐ.സി.സി.ആർ, ഐ.ഡബ്ലിയു.സി.എഫ് ഡൽഹി, മദ്രാസ് ശ്രീപാർത്ഥ സാരഥി സഭ, നാരദഗാനസഭ, കൃഷ്ണഗാന സഭ, ബ്രഹ്മഗാനസഭ, നിശാഗന്ധി തുടങ്ങിയ വേദികളിലെല്ലാം ഇവർ നൃത്തവിസ്മയം തീർത്തിട്ടുണ്ട്. ഈ സുവർണ ദിനത്തിൽ ഇവരെയും കുടുംബത്തെയും നമുക്ക് അനുമോദിക്കാം ആദരിക്കാം. അവരുടെ ദീർഘായുസിനായി പ്രാർത്ഥിക്കാം.