കൊല്ലം: ആരോഗ്യ പ്രവർത്തകരെ അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ മൊബൈൽ ആപ്ളിക്കേഷൻ പുറത്തിറക്കി എൻ.എസ് സഹകരണ ആശുപത്രി. ഡോക്ടർമാർക്കും ആശുപത്രികൾക്കുമെതിരെ ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും അധികൃതരുടെയും സഹായം ഉടനടി ലഭ്യമാക്കാൻ കഴിയുന്ന തരത്തിൽ ആപ്പ് രൂപകൽപ്പന ചെയ്തത്.
ഗൂഗിൾ പ്ളേസ്റ്റോറിൽ ആപ്ളിക്കേഷൻ ലഭ്യമാണ്. 'സേഫ് ഡോക്' എന്ന പേരിലുള്ള മൊബൈൽ ആപ്ളിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ആരോഗ്യ പ്രവർത്തകന്റെ പേര്, സമീപത്തെ പൊലീസ് മേധാവി, ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ നമ്പരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ ആപ്ളിക്കേഷൻ മുഖേന ഇവർക്ക് ഉടൻ സന്ദേശം ലഭിക്കും. ആക്രമണങ്ങൾ അല്ലാതെയുള്ള അപകടഘട്ടത്തിലും 'സേഫ് ഡോക്' സഹായമാകും.
എൻ.എസ് ആശുപത്രിയിലെ ഐ.ടി വിഭാഗമാണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് സേവനം ലഭ്യമാകുന്നത്. അടുത്ത ഘട്ടത്തിൽ ഐ.ഒ.എസ് വേർഷനിലും ലഭ്യമാക്കും. ദേശീയ ഡോക്‌ടേഴ്‌സ് ദിനമായ ഇന്ന് ആപ്ളിക്കേഷൻ അവതരിപ്പിക്കും.