കൊല്ലം: ശ്രീനാരായണ ഓപ്പൺ സർവകലാശാലാ ലോഗോയുടെ പുനർനിർണയം നീളുന്നത് നിരാശാജനകമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെ നേതൃയോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോയ്ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ പുനപരിശോധനയ്ക്ക് സമിതിയെ നിയോഗിച്ചു. പക്ഷേ തീരുമാനം നീളുകയാണ്. എം.ജി സർവകലാശാലയിലെ ശ്രീനാരായണ ഗുരു ചെയറിന്റെ സ്ഥിതിയും സമാനമാണ്. സർവകലാശാലയിൽ ചെയർ സ്ഥാപിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും പുസ്തകങ്ങളും നൽകിയത് യോഗമാണ്. മറ്റ് ചെയറുകളുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുമ്പോൾ ഗുരുദേവന്റെ പേരിലുള്ള ചെയറിന്റെ സ്ഥിതി ദയനീയമാണ്. ഇതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നതോടെ ചെയറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ ഫോണിൽ വിളിച്ച് അറിയിച്ചതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യൂണിയൻ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലിരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം ബോർഡ് അംഗം ആനേപ്പിൽ എ.ഡി. രമേശ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ബി. പ്രതാപൻ, സൈബർസേന ജില്ലാ ചെയർമാൻ രഞ്ജിത്ത്, ശ്രീനാരായണ എംപ്ലോയീസ് ഫോറം കോ- ഓർഡിനേറ്റർ പി.വി. രജിമോൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ സ്വാഗതവും എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ നന്ദിയും പറഞ്ഞു.