panjayath
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ യു.ഡി.എഫ് അംഗങ്ങൾ ഉപരോധിക്കുന്നു

 ചിറക്കരയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് സംഘർഷം

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത്‌ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു. സംഭവത്തിൽ എൽ.ഡി.എഫ് - യു.ഡി.എഫ് നേതാക്കൾ ഇടപെട്ടത് പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

കൊവിഡ് കെയർ സെന്ററിലെ താത്കാലിക ലൈബ്രറിയിൽ സ്ഥാപിച്ച ഇടത് യുവജന സംഘടനയുടെ പേരിലുള്ള ബോർഡ് എടുത്തുമാറ്റുക, പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും ചിറക്കരത്താഴം വാർഡിൽ നൂറിലേറെ പേരെ പങ്കെടുപ്പിച്ച് കുടുംബശ്രീ യൂണിറ്റുകൾക്ക് കോഴിക്കൂടും കോഴിയും വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിക്കുന്നതായി ആരോപിച്ചുമായിരുന്നു പ്രതിഷേധം.

ഇതിനിടെ കാബിനിൽ നിന്ന് പുറത്തേക്കിറങ്ങാൻ തുടങ്ങിയ പ്രസിഡന്റിനെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചതോടെ എൽ.ഡി.എഫ് പ്രവർത്തകർ ഇടപെട്ടു. ഇതോടെ ഇരുമുന്നണികളിലെയും പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പാരിപ്പള്ളി പൊലീസ് ഇടപെട്ട് മദ്ധ്യസ്ഥ ചർച്ച നടത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്. കൊവിഡ് കെയർ സെന്ററിലെ യുവജന സംഘടനയുടെ ബോർഡ് എടുത്തുമാറ്റാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. സുജയ് കുമാർ നേതൃത്വം നൽകി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബി പരമേശ്വരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ് ഹരിദാസൻ, ഉളിയനാട് ജയൻ, കെ .സുരേന്ദ്രൻ, മേരി റോസ് തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കളായ ജെയിൻകുമാർ, ഷാജിദാസ്, ഒഴുകുപാറ ഷിബു, യു.ഡി.എഫ് നേതാക്കളായ എൻ. സത്യദേവൻ, ബൈജുലാൽ, സി.ആർ. അനികുമാർ, അജയകുമാർ, കിരൺ എന്നിവരും സ്ഥലത്തെത്തി.