clock-tower

 ക്ളോക്ക് ടവർ വിഷയത്തിൽ ചർച്ചയായി കേരള കൗമുദി

കൊല്ലം: ചിന്നക്കട ക്ളോക്ക് ടവറിന്റെ അറ്റകുറ്റപ്പണികൾക്കും ഘടികാരങ്ങൾ പ്രവർത്തനക്ഷമമാക്കാനും നഗരസഭാ കൗൺസിൽ അനുമതി നൽകി. നഗരസഭയുടെ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തുന്നത്.

'മണിമേട മയക്കത്തിൽ' എന്ന തലക്കെട്ടിൽ ജനുവരി 21നും 'സമയദോഷം മാറാതെ ക്ളോക്ക് ടവർ' എന്ന ശീർഷകത്തിൽ ഇന്നലെയും കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ജില്ലയുടെ മുഖമുദ്റയും സാംസ്കാരിക ചിഹ്നവുമായ ക്ളോക്ക് ടവറിന്റെ പരിപാലനം കൃത്യമാക്കണമെന്ന് വാർത്തകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജനുവരിയിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ക്ളോക്ക് ടവർ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു. ഇന്നലത്തെ വാർത്തയും കൗൺസിലിൽ ചർച്ചാവിഷയമായതോടെ ക്ളോക്ക് ടവറിന്റെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

നഗരത്തിലെത്തും വികസനങ്ങൾ

 തങ്കശേരി പൈതൃക സ്മാരകം

നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്കശേരി കോട്ടപ്പുറം ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ് സെമിത്തേരികൾ സംരക്ഷിത സ്മാരമാകും. കഴിഞ്ഞ നഗരസഭാ ബഡ്ജറ്റിൽ പ്രഖ്യാപിച്ച തങ്കശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാകും സെമിത്തേരിയുടെ നവീകരണം. ഇന്നലെ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, എം. മുകേഷ് എം.എൽ.എ, കളക്ടർ ബി. അബ്ദുൽ നാസർ എന്നിവർ സെമിത്തേരി സന്ദർശിച്ചു. ഇപ്പോൾ സെമിത്തേരി പരിസരത്ത് താമസിക്കുന്ന 39 കുടുംബങ്ങളെ തൊട്ടടുത്തുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നഗരസഭയുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് പുനരധിവസിപ്പിക്കും.

 ശക്തികുളങ്ങരയിലെ ഫ്ലാറ്റുകളിൽ പുനരധിവാസം

2004ൽ നിർമ്മിച്ച ശക്തികുളങ്ങര സുനാമി ഫ്ലാറ്റ് കോംപ്ളക്സിൽ ഒഴിവുള്ള 16 ഫ്ലാറ്റുകളിൽ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കും. ഇതിനായി ഇന്നലെ വകുപ്പ് മന്ത്രിക്ക് നഗരസഭ കത്ത് നൽകി. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.

 മത്സ്യത്തൊഴിലാളികളുടെ

മക്കൾക്ക് മൊബൈൽ ഫോൺ

നഗരസഭാ പരിധിയിലെ 250 മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് മൊബൈൽ ഫോൺ നൽകും. നേരത്തെ ഡിഗ്രി തലത്തിലുള്ളവർക്ക് ലാപ്ടോപ്പ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് വ്യത്യസ്തമായാണ് ഇത് നടപ്പിലാക്കുക.

 മൊബിലിറ്റി ഹബ്

റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ് നിർമ്മിക്കും. ഒരേസമയം 14 ബസുകൾ പാർക്ക് ചെയ്യുന്ന തരത്തിൽ ഫുഡ് കോർട്ട് ഉൾപ്പെടെയാണ് ഹബ് നിർമ്മിക്കുന്നത്.

 ആണ്ടാമുക്കത്ത് വ്യാപാര സമുച്ചയം

നിയമക്കുരുക്കിൽപ്പെട്ട് നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയ ആണ്ടാമുക്കത്തെ വ്യാപാര സമുച്ചയത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. കരാറുകാരുമായി ധാരണയിലെത്തിയതായും കൗൺസിലിൽ മേയർ അറിയിച്ചു. വിശദമായ തീരുമാനം 7ന് നടക്കുന്ന കൗൺസിൽ യോഗത്തിലുണ്ടാകും.

 ക്ളോക്ക് ടവറിന്റെ നവീകരണത്തിനായി ഭരണാനുമതി നൽകിയ പ്രവൃത്തികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കും. ഘടികാരങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം പെയിന്റിംഗ് ജോലികളും നടത്തും. പുതിയ കൗൺസിൽ നിലവിൽ വന്ന ശേഷം വികസന പ്രവർത്തനങ്ങൾക്ക് 16.74 കോടി രൂപ ചെലവഴിച്ചു.

പ്രസന്ന ഏണസ്റ്റ്, മേയർ.