police
ജില്ലാ പൊലീസ് ആസ്ഥാനം

കൊല്ലം: കൊല്ലം റൂറൽ എസ്.പി ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പണിതീരാത്ത വീടുപോലെയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം തീരുമാനിച്ച കെട്ടിടം ഇപ്പോഴും പാതിവഴിയിൽ നിൽക്കുകയാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല എസ്.പി ഓഫീസിന്റെ ആസ്ഥാന മന്ദിരത്തിന് ശിലപാകിയതാണ്. കഴിഞ്ഞ ഇടത് സർക്കാർ അധികാരമേറ്റപ്പോൾ മറ്റൊരിടത്തേക്ക് മാറ്റി നിർമ്മിക്കാൻ ആദ്യം ആലോചിച്ചുവെങ്കിലും പിന്നീട് ഇവിടെത്തന്നെ നിർമ്മാണം തുടങ്ങുകയുമായിരുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും നിർമ്മാണം പൂർത്തിയാക്കിയിട്ടില്ല. ഇപ്പോൾ സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്യണമെന്ന ആലോചന നടക്കുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ അത് നടത്താൻ കഴിയില്ല. കരാറുകാരന് കൃത്യമായി ഫണ്ട് ലഭ്യമാക്കാതെ വന്നതോടെയാണ് പലതവണ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിയതും പിന്നീട് ഇഴഞ്ഞിഴഞ്ഞ് നീങ്ങിയതും.

അസൗകര്യങ്ങളിൽ നിന്ന് മോചനം

14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. കോൺക്രീറ്റ് ജോലികൾ ഉൾപ്പടെ പൂർത്തിയാക്കി ഭിത്തി കെട്ടിമറയ്ക്കലും സിമന്റ് പൂശും പൂർത്തിയാക്കിയിട്ടുണ്ട്. ആദ്യം ഒന്നര കോടി രൂപയാണ് ആഭ്യന്തര വകുപ്പിൽ നിന്നും അനുവദിച്ചതെങ്കിലും പിന്നീട് രണ്ട് ഘട്ടമായി നാല് കോടിരൂപവരെയെത്തി. പട്ടണത്തിലെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗാന്ധിമുക്കിന് സമീപം മുമ്പ് താലൂക്ക് ഓഫീസ് പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നത്. കല്ലട ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകിയതാണ്.

റസ്റ്റ് ഹൗസിനോട് ചേർന്ന പി.ഡബ്ളിയു.ഡി കെട്ടിടത്തിലാണ് അസൗകര്യങ്ങളുടെ നടുവിൽ എസ്.പി ഓഫീസ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്.

പുതിയ സൗകര്യങ്ങൾ
ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ എന്നിവയും ഒന്നാം നിലയിൽ എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ശൗചാലയങ്ങൾ എന്നിവയും രണ്ടാം നിലയിൽ ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റിക്കോർഡ്സ് റൂം, ടൊയ്ലറ്റുകൾ എന്നിവയുമാണ് സജ്ജമാക്കുക.

മന്ത്രി സന്ദർശിക്കും

റൂറൽ എസ്.പി ഓഫീസിന്റെ ആസ്ഥാന മന്ദിര നിർമ്മാണം വിലയിരുത്താൻ മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്ന് സ്ഥലം സന്ദർശിക്കും. രാവിലെ 11.30ന് എത്തുമെന്നാണ് അദ്ദേഹം അറിയിച്ചത്.

14,466 ചതുരശ്ര വിസ്തീർണം ....... 3 നില കെട്ടിടം