photo
കരുനാഗപ്പള്ളി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പി കൊവിഡ് അവലോകന യോഗം.

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ സി.ആർ.മഹേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അ വലോകന യോഗം ചേർന്നു. വാക്സിനേഷൻ സെന്ററുകളിൽ വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും മൂന്നാം തരംഗത്തെ ശക്തമായി പ്രതിരോധിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. മൊബൈൽ ടെസ്റ്റ് യൂണിറ്റുകൾ ആരംഭിച്ച്‌ കൊവിഡ് ടെസ്റ്റുകളുടെ പ്രതിദിന എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഒന്നും രണ്ടും വാക്സിനുകൾക്ക് ഇടയിലുള്ള സമയദൈർഘ്യം മൂലം പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവത്കരണ പരിപാടികൾ ഊർജിതപ്പെടുത്താൻ തീരുമാനിച്ചു വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ കൗൺസിലിംഗ് സെന്ററുകളും ചിൽഡ്രൻസ് ഹെല്പ് ഡെസ്കും ആരംഭിക്കും. തഴവയിൽ 45 ശതമാനവും ഓച്ചിറ 25, ആലപ്പാട് 42, ക്ലാപ്പന 38, തൊടിയൂർ 30, കുലശേഖപുരം 20, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 11 ശതമാനം എന്ന ക്രമത്തിൽ വാക്സിനേഷൻ പൂർത്തിയായി. താഹസീൽദാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ് ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.