ചാത്തന്നൂർ: കല്ലുവാതുക്കൽ ഊഴായ്ക്കോട് കരിയിലക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിക്കുകയും തുടരന്വേഷണത്തിനിടെ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ സഹോദരങ്ങളായ വിഷ്ണുവിനെയും രഞ്ജിത്തിനെയും പൊലീസ് ചോദ്യം ചെയ്തു. കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചതിന് അറസ്റ്റിലായ രേഷ്മയുടെ ഭർത്താവാണ് വിഷ്ണു. വിഷ്ണുവിന്റെ സഹോദരനും ആത്മഹത്യ ചെയ്ത ആര്യയുടെ ഭർത്താവുമാണ് രഞ്ജിത്ത്. ഇരുവരെയും ഇന്നലെ ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണറുടെ ഓഫീസിൽ വിളിച്ചു വരുത്തി ആറുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
കുഞ്ഞിനെ കണ്ടെത്തിയതിന് രണ്ടുമാസത്തിന് ശേഷം വിദേശത്തേയ്ക്കു പോയ വിഷ്ണു ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞാണ് നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. വിഷ്ണു നാട്ടിലെത്തിയതിന് അടുത്ത ദിവസമാണ് ആര്യയെ പാരിപ്പള്ളി പൊലീസ് മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നത്. ജൂലായ് 17ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ സ്റ്റേഷനിലെത്തണമെന്നാണ് അന്ന് ഉച്ചയ്ക്ക് 12.30ന് പൊലീസ് സ്റ്റേഷനിൽ നിന്ന് ആര്യയെ ഫോണിൽ വിളിച്ച് അറിയിക്കുന്നത്. എന്നാൽ അതിനു തൊട്ടുമുമ്പുതന്നെ ആര്യയും ഗ്രീഷ്മയും ഇത്തിക്കരയിലെത്തിയിരുന്നതായി കാമറാ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനു മുമ്പുതന്നെ ഇരുവരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ കാരണങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
വൈകിട്ട് ആറരയോടെ വിഷ്ണുവിനെയും രഞ്ജിത്തിനെയും പൊലീസ് തിരികെ അയച്ചെങ്കിലും ഇന്ന് എ.സി.പി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് രേഷ്മ പൊലീസിനു മൊഴി നൽകിയിട്ടുണ്ടെങ്കിലും കുടുംബത്തിനുള്ളിലുള്ള പ്രശ്നങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫേസ്ബുക്ക് കാമുകനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് എ.സി.പി. വൈ. നിസാമുദ്ദീൻ പറഞ്ഞു.