kidnap
വട്ടപ്പാറയിൽ നിന്നും കാറിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ റോഡിൽ വീണ് പരിക്കേറ്റ അജ്സൽ അയ്യൂബ്

ഓയൂർ: അമ്പലംകുന്ന് വട്ടപ്പാറയിൽ വാർഡ് മെമ്പറുടെ വീട് അന്വേഷിച്ച് വാടക കാറിലെത്തിയ സംഘം വീടിന് മുന്നിൽ നിന്ന യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് ചാടി രക്ഷപ്പെട്ട യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറ അജ്സൽ മൻസിലിൽ അജ്സൽഅയൂബി(19)നെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ ചന്ദനക്കാവ് ആർ.പി.എൽ പ്ലാൻ്റേഷൻ ക്വാർട്ടേഴ്സിലെ താമസക്കാരായ സലിം (48), പോൾ ആൻ്റണി (37), രാഹുൽ (33) എന്നിവരെ പൂയപ്പള്ളി പൊലീസ് പിടികൂടി . ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം വൈകിട്ട് 6.45 ന് അജ്സൽ അയ്യൂബ് രണ്ട് കൂട്ടുകാർക്കൊപ്പം വീടിന് മുന്നിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ സംഘം അജ്സലിന്റെ ബന്ധുവും വാർഡ്മെമ്പറും ബിൽഡിംഗ്കോൺട്രാക്ടറുമായ എം.ആർ.സഹീദിൻ്റെ വീട് ചോദിച്ചു. വീട്ടിലേക്കുള്ള വഴി പറഞ്ഞ് കൊടുത്തിട്ടും സ്ഥലപരിചയമില്ലെന്നും ഒപ്പം ചെന്ന് കാണിച്ച് കൊടുക്കാനും ആവശ്യപ്പെട്ടു. വീട് കാട്ടിക്കൊടുക്കാനായി അജ്സസൽസ്വന്തം ബൈക്കിൽ കയറാൻ ശ്രമിക്കുമ്പോൾ വേണ്ട കാറിൽ പോകാം ഞങ്ങൾ തിരികെ കൊണ്ടാക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി. സഹീദിൻ്റെ വീടിന് മുന്നിലെത്തിയിപ്പോൾ വീട് കാട്ടിക്കൊടുക്കുകയും വണ്ടി നിറുത്താൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും വാഹനം നിറുത്താതെ മുന്നോട്ട് പോയി. സംഗതി പന്തിയല്ലെന്ന് കണ്ട അജ്സൽ ബഹളം ഉച്ചത്തിൽ വയ്ക്കാൻ തുടങ്ങിയതോടെ സംഘാംഗങ്ങളിലൊരാൾ കൈ പിടിച്ച് തിരിച്ച് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു .ഇതിനിടെ അജ്സൽ കുതറി കാറിൻ്റെ ഡോർ ചവിട്ട് തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് ആളുകൾ എത്തിയപ്പോഴേക്കും സംഘംരക്ഷപെട്ടു. വീഴ്ചയിൽ തോളെല്ലിനും ശരീരത്തും പരിക്കേറ്റഅജ്സൽ ആശുപത്രിയിൽ പ്രവേശിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് കുളത്തുപ്പുഴ പൊലീസിന്റെ സഹായത്തോടെ പ്രതികളെയും കാറും കസ്റ്റഡിയിലെടുക്കുകയായിരുന്നു.