കൊട്ടിയം : കിടപ്പുമുറിയിൽ 12കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് ആലുംമൂട് സ്കൂളിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ശിവന്റെയും സുനിതയുടെയും മകൻ ശരത്താണ് മരിച്ചത്. കൊല്ലത്ത് അർബൻ ബാങ്കിൽ വായ്പയെടുക്കുന്നതിനായി പോയിരുന്ന അമ്മ സുനിതയും മൂത്ത സഹോദരനായ സേതുവും ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മടങ്ങിയെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ മേൽക്കൂരയിലെ കഴുക്കോലിൽ കെട്ടിയ ഷാളിൽ തൂങ്ങി നിൽക്കുന്ന ശരത്തിനെ കണ്ടത്. ഉടൻ തന്നെ ഇരുവരും ചേർന്ന് ഷാൾ അറുത്തിട്ട് ശരത്തിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാളത്തുംഗൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാപ്പ് ചോദിച്ചുകൊണ്ടും ചേട്ടനെ നന്നായി നോക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടുകൊണ്ടുമുള്ള കത്ത് കിടപ്പുമുറിയിൽ നിന്ന് ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീന് ലഭിച്ചു. മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസ് അയൽവാസികളിൽ നിന്ന് മൊഴിയെടുത്തു.