കൊടുങ്ങല്ലൂർ: നിർമ്മാണമേഖലയിലെ സ്തംഭനം മൂലം തൊഴിലാളികൾ പട്ടിണിയുടെ വക്കിൽ. ലോക് ഡൗണും നിർമ്മാണ സാമഗ്രികളുടെ കുത്തനെയുള്ള വില വർദ്ധനവുമാണ് ഈ മേഖലയിലുള്ള തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയത്.
പെട്രോൾ വില പോലെ ദിവസവും നിർമ്മാണ സാമഗ്രികളുടെ വിലയും മുകളിലേക്ക് കുതിക്കുകയാണ്. ഇലക്ട്രിക്കൽ, പ്ലബിംഗ് ,സാനിറ്ററി, പെയിന്റ്, ടൈൽസ് തുടങ്ങിയവയുടെ വില അടുത്തിടെയായി 40 ശതമാനം ഉയർന്നതായി തൊഴിലാളികൾ പറയുന്നു. തൊഴിൽ മേഖല സ്തംഭിച്ചതോടെ തൊഴിലാളികളുടെ ജീവിതം ക്ലേശകരമായിരുന്നു.
കൊവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുന്ന നിർമ്മാണ തൊഴിലാളികൾക്ക് സർക്കാർ 1000 രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് ലഭിച്ചിട്ടില്ല. അന്യായമായ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം സർക്കാർ തടയണം. സിമന്റ് വില ജൂൺ മാസം മുതൽ 510 രൂപയാക്കി വർദ്ധിപ്പിക്കുമെന്നാണ് അറിഞ്ഞത്. 2019ൽ ശക്തമായ സമരം മൂലമാണ് സിമന്റ് വില കുറഞ്ഞത്. കർണ്ണാടക, തമിഴ്‌നാട് സർക്കാറുകളുടെ ഇടപെടൽ കൊണ്ട് അവിടെ വില പിടിച്ചു നിറുത്താൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ കേരള സർക്കാർ ഉടൻ ഇടപെട്ട് വിലവർദ്ധനവ് പിടിച്ചു നിറുത്തണം. മസ്റ്ററിംഗ് നടത്താൻ കഴിയാതെ രണ്ട് വർഷമായി പെൻഷൻ കിട്ടാതെ വിഷമിക്കുന്ന തൊഴിലാളികൾക്ക് മഹാമാരി കണക്കിലെടുത്ത് 2020ൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് പെൻഷൻ കൊടുക്കാനുള്ള നടപടികൾക്ക് ക്ഷേമനിധി ബോർഡ് തയ്യാറാകണം. നിർമ്മാണ തൊഴിലാളികളെക്കൂടി വാക്‌സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണം.
- വി.കെ. ഭാസ്‌കരൻ (സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി)