തൃശൂർ: വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (മലയാളം മീഡിയം), ചേലക്കര ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിൽ 2021 - 2022 അദ്ധ്യയന വർഷത്തെ അഞ്ചാം ക്ലാസിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
രക്ഷാകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ താഴെയുളള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്രവർഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, നാലാം ക്ലാസിലെ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസ്, കോർപറേഷൻ/നഗരസഭ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ, ഗവ. എം.ആർ.എസ് വടക്കാഞ്ചേരി/ചേലക്കര എന്നിവിടങ്ങളിൽ ജൂൺ പത്തിന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
മറ്റു വിഭാഗത്തിൽപ്പെട്ടവർക്ക് ഒമ്പത് ശതമാനം സീറ്റുകളിൽ പ്രവേശനം നൽകും. പ്രവേശനം ആൺകുട്ടികൾക്ക് മാത്രമായിരിക്കും. അപേക്ഷകരുടെ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. പ്രവേശനം ലഭിക്കുന്നവർക്ക് താമസം, ഭക്ഷണം, പുസ്തകങ്ങൾ, യൂണിഫോം എന്നിവ സൗജന്യമായിരിക്കും. ഫോൺ: 0487 2360381.