കൊടുങ്ങല്ലൂർ: ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ മഴ ആരംഭിച്ചതോടെ കുഴികളും രൂപപ്പെട്ടു. കഴിഞ്ഞ വർഷം മുതലാണ് ബൈപാസിൽ പലയിടങ്ങളിലായി കുഴികൾ ഉണ്ടായിട്ടുള്ളത്. വാഹനങ്ങൾ കുഴികളിൽ വീണ് അപകടമുണ്ടാകുന്നതും പതിവായിരുന്നു. മഴക്കാലത്താണ് കുഴികൾ അധികവും രൂപപ്പെടുന്നത്. ബൈപാസിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനയാത്രക്കാർ കുഴികൾ കാണാൻ കഴിയാതെ അപകടത്തിൽപ്പെടുന്നത് പതിവാണ്. മഴ തുടർച്ചയായി വരാൻ പോകുന്നതിനാൽ ഈ കുഴികൾ വർദ്ധിക്കാനും റോഡിന്റെ ഗുണനിലവാരം തകരാനും സാധ്യതയുണ്ട്. അതിനാൽ എത്രയും വേഗം റോഡ് പുനർ നിർമ്മിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വലിയ ദുരന്തങ്ങൾ വരുന്നത് ഒഴിവാക്കാൻ എത്രയും വേഗം ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രൊജക്ട് ഓഫീസർക്ക് കൊടുങ്ങല്ലൂർ നഗരസഭാ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ കത്ത് നൽകി. 44 ലക്ഷത്തി 92000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന ദേശീയപാത എക്‌സി.എൻജിനിയർ അയച്ചിട്ടുണ്ടെങ്കിലും അതോറിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ല. കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസ് ഇന്ത്യ ഗവണ്മെന്റിന്റെ ദേശീയ പാത അതോറിറ്റിക്ക് കൈമാറിയ സാഹചര്യത്തിൽ റോഡിന്റെ പരിപാലനത്തിന് അംഗീകാരം നൽകുന്നതെല്ലാം നാഷണൽ ഹൈവേ അതോറിറ്റി അധികൃതരാണ്. ബൈപാസിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.