ചാലക്കുടി: കൊവിഡ് വ്യാപനത്തിൽ അങ്കലാപ്പിലായി മലക്കപ്പാറ. തോട്ടം തൊഴിലാളികളായി 39 പേർക്ക് കൂടി ചൊവ്വാഴ്ച വൈറസ് ബാധ കണ്ടെത്തി. നൂറ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയത്തിന്റെ ഫലമാണിത്. അറുനൂറോളം പരിശോധനാഫലം ഇനിയും വരാനുണ്ട്.
വലിയ തോതിൽ രോഗികളുടെ എണ്ണം ഉയരുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിഗമനം. ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന ആന്റിജൻ പരിശോധനയിൽ 76 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. നേരത്തെയുണ്ടായിരുന്ന 86 ആളുകളിൽ അമ്പത് പേരും രോഗമുക്തരായിരുന്നു. 1400 ഓളം തോട്ടം തൊഴിലാളികളാണ് മലക്കപ്പാറയിലുള്ളത്.
തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ പഠനത്തിനും ജോലിക്കും പോയ മക്കൾ തിരിച്ചെത്തിയതാണ് മലക്കപ്പാറയിലെ കൊവിഡ് വ്യാപനത്തിന് കാരണം. ടാറ്റാ ടീ എസ്റ്റേറ്റിന്റെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളും കുടുംബങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്.