തൃശൂർ: ജില്ലയിൽ കൊവിഡ് വാക്ലിനേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഇതിനോടകം ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചവർ 846778 പേർ. ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 679428 ആണ്. രണ്ടാം ഡോസ് 167350 പേരും സ്വീകരിച്ചു. ട്രൈബൽ മേഖലകൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ 18 നും 44 നും ഇടയിൽ വാക്സിൻ എടുക്കാത്തവർക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാൻ വകുപ്പ് മേധാവികൾക്ക് കളക്ടർ നിർദ്ദേശം നൽകി. കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാദ്ധ്യത നിലനിൽക്കെ ശേഷിക്കുന്ന വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം . ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ജില്ലയിലെ മുഴുവൻ പേർക്കും ക്യാമ്പ് നടത്തി വാക്സിൻ നൽകും. ഹോട്ടൽ, റസ്റ്റോറന്റ് ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കുന്നതിനായി ഫുഡ് സേഫ്റ്റി ഓഫീസർമാർക്ക് നിർദ്ദേശം നൽകും.
മുന്നണി പോരാളികൾക്ക് വേഗത്തിലാക്കും
കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളിലും സർക്കാർ ജീവനക്കാരിലും വാക്സിൻ എടുക്കാത്തവർക്ക് ഉടൻ അതു ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ലിസ്റ്റ് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാർ, പള്ളി, മസ്ജിദുകളിലെ ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽ വാക്സിനെടുക്കാത്തവർക്കും വാക്സിൻ ഉടൻ ലഭ്യമാക്കും
വാക്സിൻ സ്വീകരിച്ചവർ:
വിഭാഗം - ഫസ്റ്റ് ഡോസ് - സെക്കന്റ് ഡോസ് എന്ന ക്രമത്തിൽ
ആരോഗ്യപ്രവർത്തകർ - 46,223 - 38,795
മുന്നണി പോരാളികൾ - 37,285 - 23,831
45 വയസ്സിന് മുകളിലുളളവർ - 5,75,419 - 1,04,718
18-44 വയസ്സിന് ഇടയിലുളളവർ - 20,491 - 06
ആകെ - 6,79,428 - 1,67,350