തൃശൂർ: മഴക്കാല പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും വെള്ളക്കെട്ടുകൾ, പ്രളയം എന്നിവ ഒഴിവാക്കുന്നതിനും ജനകീയ ശുചീകരണ പരിപാടിയുമായി കോർപറേഷൻ. ജൂൺ 4, 5, 6 തീയതികളിൽ കോർപറേഷൻ പരിധിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊവിഡ് വ്യാപനം തുടരുന്ന കാലഘട്ടത്തിൽ സ്വയം വൃത്തിയാക്കുന്നതിനോടൊപ്പം വീടും പരിസരവും വീടിനു സമീപമുള്ള പൊതുഇടങ്ങളും വൃത്തിയാക്കേണ്ടതാണ്. നാലാം തീയതി തുറന്ന് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. അഞ്ചാം തീയതി കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുടുംബശ്രീ സംവിധാനം ഉപയോഗപ്പെടുത്തി പൊതുസ്ഥലങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായി പട്ടണത്തിലെ 55 സ്‌പോട്ടുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ ആർ.ആർ.ടി, ക്ലീൻ ആർമി, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ശൂചീകരണം, കൊതുകിന്റെ ഉറവിട നശീകരണം എന്നിവ നടപ്പാക്കും. മാലിന്യം നീക്കം ചെയ്ത സ്ഥലങ്ങളിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണം നടപ്പിലാക്കും. മാലിന്യം യഥാസമയം നീക്കം ചെയ്യുന്നതിന് കോർപറേഷന്റെ മുഴുവൻ ശുചീകരണ തൊഴിലാളികളെയും ഹരിതകർമ്മ സേനാംഗങ്ങളെയും തയ്യാറാക്കിയതോടൊപ്പം കോർപറേഷന്റെ മുഴുവൻ ശുചീകരണ വാഹനങ്ങളും ഉപകരണങ്ങളും ജെ.സി.ബി, ഹിറ്റാച്ചി തുടങ്ങിയവും സജ്ജമാക്കിയിട്ടുണ്ട്. ആറാം തീയതി വീടും പരിസരവും വീടിനു സമീപമുള്ള പൊതുഇടങ്ങളും ശുചീകരിക്കുന്നതിന് ജനങ്ങൾ 'ഡ്രൈ ഡേ' ആചരിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു. കൊവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തനതുഫണ്ടിൽ നിന്നും 30 ലക്ഷം രൂപയിലേറെ കോർപറേഷൻ ഇതിനകം ചെലവഴിച്ചതയും മേയർ എം.കെ.വർഗീസ് പറഞ്ഞു.