auto

തൃശൂർ: കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും വന്നതോടെ ദുരിതപർവത്തിലാണ് ഓട്ടോ ഡ്രൈവർമാർ. ഇന്ധനവില വർദ്ധനയിൽ നട്ടം തിരിയുമ്പോഴാണ് കൊവിഡ് വ്യാപനവും ലോക്ക് ഡൗണും വീണ്ടും വില്ലനായത്. ഭൂരിഭാഗം ഓട്ടോകളുടെയും പ്രധാന വരുമാനം സ്‌കൂൾ ട്രിപ്പുകളായിരുന്നു. രണ്ടാം വർഷവും സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതോടെ മിക്കവർക്കും ഉപജീവനമാർഗം മുടങ്ങി. ടെമ്പോ ട്രാവലർ, ഓട്ടോ ഗുഡ്‌സ് രംഗങ്ങളിലുള്ളവരും പ്രതിസന്ധിയിലാണ്.

ഓട്ടമില്ലാതായതോടെ കഴിഞ്ഞ ലോക്ക് ഡൗണിൽ പലരും മറ്റ് തൊഴിൽ മേഖലകൾ തേടിപ്പോയിരുന്നു. പാതയോരങ്ങളിലും മറ്റും ഓട്ടോകളിൽ പച്ചക്കറിയും പഴങ്ങളും ബിരിയാണിയും വിറ്റാണ് പലരും ജീവിതമാർഗം കണ്ടെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സിനിമാ തിയറ്ററുകൾ, ഹോട്ടലുകൾ എന്നിവയെല്ലാം അടഞ്ഞുകിടക്കുന്നതും ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമാണ് തിരിച്ചടിയായത്.

ഭയം വിട്ടുമാറാതെ യാത്രക്കാർ

കൊവിഡ് മൂലം ഓട്ടോ സർവീസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. ഓട്ടോ യാത്ര കൊവിഡ് വ്യാപന സാദ്ധ്യത കൂട്ടുന്നുവെന്ന് പലരും ഭയപ്പെടുന്നുണ്ട്. അവശ്യ സർവീസ് വിഭാഗത്തിൽപ്പെടുന്ന മിക്കവരും ബൈക്കിലും കാറിലുമായാണ് യാത്ര ചെയ്യുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് കൊവിഡ് തുടക്കകാലം മുതൽ ഓട്ടോകൾ സർവീസ് നടത്തിവരുന്നത്. പ്രധാനമായും ഡ്രൈവറും യാത്രക്കാരനും തമ്മിൽ വേർതിരിക്കുന്ന ഭാഗം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിട്ടുണ്ട്. ഡ്രൈവർ ഫേസ് ഷീൽഡും മാസ്‌കും കൃത്യമായി ധരിച്ചിരിക്കും. പൊലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടേയും സഹായത്തോടെയാണ് ഇത്തരം സുരക്ഷാസംവിധാനങ്ങൾ ഓട്ടോകളിൽ ഒരുക്കിയത്.

തിരിച്ചടിയായി ഇന്ധനവില വർദ്ധന

രണ്ടാം ലോക്ക് ഡൗണിൽ വലിയ പ്രതിസന്ധിയാണ് ഓട്ടോ ഡ്രൈവർമാർ നേരിടുന്നത്. ഭൂരിഭാഗവും ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്താണ് വാഹനം വാങ്ങിയത്. വരുമാനം മുട്ടിയതോടെ മിക്കവരുടെയും വായ്പാ തിരിച്ചടവ് മുടങ്ങി. ലോക്ക് ഡൗൺ കഴിഞ്ഞാലും തങ്ങളുടെ ജീവിതം ദുരിതത്തിൽ തന്നെയാകുമെന്നാണ് അടിക്കടിയുണ്ടാകുന്ന ഇന്ധനവില വർദ്ധന അടിവരയിടുന്നതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. ഇന്ധന വിലവർദ്ധന മൂലം വലിയ പ്രതിസന്ധിയാണ് ഓട്ടോതൊഴിലാളികൾ നേരിടുന്നത്.

ജില്ലയിലെ ഓട്ടോപെര്‍മിറ്റുകള്‍-15,000
തൃശൂര്‍ കോര്‍പ്പറേഷനില്‍-6000

സ്‌കൂൾ ഓട്ടം നിന്നതോടെ ഉപജീവനമാർഗം മുടങ്ങി. പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം പരിമിതമാണ്. സർക്കാർ ക്ഷേമനിധിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നുണ്ട്. ഓട്ടോ ചാർജ് വർദ്ധിപ്പിച്ചിട്ട് 2 വർഷം പിന്നിട്ടിരിക്കയാണ്. ഇന്ധന വിലവർദ്ധനവ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. 15 വർഷം പിന്നിട്ട ഓട്ടോകൾ കണ്ടം ചെയ്യണമെന്ന വ്യവസ്ഥയും പ്രയാസമുണ്ടാക്കുന്നു.
- എ.എൻ. ജനാർദ്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം, ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു)